ഇന്ന് അന്താരാഷ്ട്ര സാക്ഷരതാ ദിനം; വളരാം അറിവിലൂടെ,അക്ഷരങ്ങളിലൂടെ

അറിവില്ലായ്മയുടെ ഇരുട്ടിൽ നിന്ന് അറിവിൻ്റെ വെളിച്ചത്തിലേക്കുള്ള യാത്രയാണ് സാക്ഷരത. ലോകമെമ്പാടുമുള്ള ജനങ്ങളെ സാക്ഷരതയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കുന്നതിനായി ഓരോ വർഷവും സെപ്റ്റംബർ 8 അന്താരാഷ്ട്ര സാക്ഷരതാ ദിനമായി ആചരിക്കുന്നു. 1967ൽ യുനെസ്കോയാണ് ഈ ദിനാചരണം ആരംഭിച്ചത്. വ്യക്തികളുടെയും സമൂഹത്തിൻ്റെയും വികസനത്തിന് സാക്ഷരത അത്യന്താപേക്ഷിതമാണെന്ന് ഈ ദിനം ഓർമ്മിപ്പിക്കുന്നു.ഒരു വ്യക്തിയുടെ മൗലികാവകാശമാണ് സാക്ഷരത. ഇത് മറ്റ് മനുഷ്യാവകാശങ്ങൾ നേടിയെടുക്കുന്നതിനുള്ള ഒരു അടിസ്ഥാന ഘടകമാണ്. വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം, സാമൂഹിക-രാഷ്ട്രീയ ഇടപെടലുകൾ എന്നിവയെല്ലാം സാക്ഷരതയുമായി ബന്ധപ്പെട്ടിരിക്കുന്നു. സാക്ഷരതയില്ലാത്ത ഒരു സമൂഹത്തിന് പുരോഗതി നേടാൻ കഴിയില്ല. തുല്യത, വിവേചനമില്ലായ്മ, നിയമവാഴ്ച, സമാധാനം തുടങ്ങിയ എല്ലാ സാമൂഹിക മൂല്യങ്ങളുടെയും അടിസ്ഥാനം സാക്ഷരതയാണ്.
‘ഡിജിറ്റൽ യുഗത്തിൽ സാക്ഷരത പ്രോത്സാഹിപ്പിക്കൽ’ എന്നതാണ് ഈ വർഷത്തെ സാക്ഷരതാ ദിനത്തിന്റെ പ്രമേയം. ഇന്റർനെറ്റ്, കമ്പ്യൂട്ടറുകൾ, സ്മാർട്ട്ഫോണുകൾ തുടങ്ങിയ ഡിജിറ്റൽ സാങ്കേതികവിദ്യകൾ നമ്മുടെ ജീവിതത്തിൻ്റെ അവിഭാജ്യ ഘടകമായി മാറിയ ഈ കാലഘട്ടത്തിൽ ഡിജിറ്റൽ സാക്ഷരതയുടെ പ്രാധാന്യം വളരെ വലുതാണ്. വിവരങ്ങൾ മനസ്സിലാക്കാനും വിശകലനം ചെയ്യാനും ഡിജിറ്റൽ ടൂളുകൾ ഉപയോഗിക്കാനും ഓരോ വ്യക്തിയും അറിഞ്ഞിരിക്കണം.




