Uncategorized

കെസിഎല്‍ കലാശപ്പോര് നാളെ! ശക്തരായ കൊച്ചിക്കെതിരെ രണ്ടാം കിരീടം തേടി കൊല്ലം

കെസിഎൽ ഫൈനൽ പോരാട്ടം നാളെ. കൊച്ചി ബ്ലൂ ടൈഗേഴ്‌സും കൊല്ലം സെയിലേഴ്‌സുമാണ് ഫൈനലിൽ ഏറ്റുമുട്ടുക. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വൈകിട്ട് 6.30നാണ് മത്സരം.

കളിച്ച പത്ത് മത്സരങ്ങളില്‍ എട്ടും ജയിച്ചായിരുന്നു കൊച്ചി ബ്ലൂ ടൈഗേഴ്‌സ് സെമിയിലേക്ക് മുന്നേറിയത്. സെമിയിൽ കാലിക്കറ്റിനെതിരെ 15 റൺസിന്റെ വിജയം. ഒടുവിൽ കിരീടം ലക്ഷ്യമിട്ട് കലാശപ്പോരിന് ഇറങ്ങുകയാണ് കൊച്ചി. ദേശീയ ടീമിനൊപ്പം ചേർന്ന സഞ്ജു സാംസന്റെ അഭാവം തീർച്ചയായും കൊച്ചിയ്ക്ക് വലിയൊരു നഷ്ടം തന്നെയാണ്. എങ്കിലും സഞ്ജുവില്ലാതെ നേടിയ സമീപ വിജയങ്ങൾ ടീമിന് ആത്മവിശ്വാസം പകരുന്നുമുണ്ട്. സെമിയിലൊഴികെ മറ്റ് മല്‌സരങ്ങളിലെല്ലാം വിനൂപ് മനോഹരൻ നല്കിയ തകർപ്പൻ തുടക്കങ്ങളാണ് ടീമിന്റെ വിജയത്തിൽ നിർണ്ണായകമായത്.

11 ഇന്നിങ്‌സുകളിൽ നിന്നായി 344 റൺസുമായി ബാറ്റിങ് പട്ടികയിൽ നാലാം സ്ഥാനത്താണ് വിനൂപ് ഇപ്പോൾ. സഞ്ജുവിന്റെ അഭാവത്തിൽ വിനൂപിനൊപ്പം ഇന്നിങ്‌സ് തുറന്ന വിപുൽ ശക്തിയും ഭേദപ്പെട്ട പ്രകടനമാണ് കാഴ്ച വച്ചത്.

മൊഹമ്മദ് ഷാനുവും നിഖിൽ തോട്ടത്തും സാലി സാംസനും അടങ്ങുന്ന മധ്യനിരയും ശക്തം. മധ്യനിര നിറം മങ്ങിയ മത്സരങ്ങളിൽ ആൽഫി ഫ്രാൻസിസ് ജോണും ജോബിൻ ജോബിയും മൊഹമ്മദ് ആഷിഖും ജെറിൻ പി എസുമടങ്ങിയ ഓൾറൗണ്ടർമാരായിരുന്നു ടീമിനെ കരകയറ്റിയത്. ബൗളിങ്ങിൽ കെ എം ആസിഫ് തന്നെയാണ് ടീമിന്റെ കരുത്ത്. വെറും ഏഴ് മല്‌സരങ്ങളിൽ നിന്ന് 14 വിക്കറ്റുകളുമായി ബൗളർമാരുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് ആസിഫ്. ആസിഫിന്റെ വേഗവും കൃത്യതയും അനുഭവസമ്പത്തും ഫൈനലിലും ടീമിന് മുതൽക്കൂട്ടാവും. അവസാന മത്സരങ്ങളിൽ ടീമിനായിറങ്ങിയ പി കെ മിഥുനും മികച്ച ബൗളിങ് കാഴ്ച വയ്ക്കുന്നുണ്ട്.

മറുവശത്ത് പത്ത് മത്സരങ്ങളിൽ അഞ്ചെണ്ണം ജയിച്ച് മൂന്നാം സ്ഥാനക്കാരായി സെമിയിലേക്ക് മുന്നേറിയ ടീമാണ് കൊല്ലം സെയിലേഴ്‌സ്. എന്നാൽ സെമിയിൽ എതിരാളികളായ തൃശൂരിനെ നിഷ്പ്രഭരാക്കി, പത്ത് വിക്കറ്റിന്റെ ആധികാരിക വിജയമായിരുന്നു അവരുടേത്.മികച്ച ഫോമിലുള്ള ബൗളർമാരും, അവരെ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാവുന്ന ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ തന്ത്രങ്ങളുമാണ് കഴിഞ്ഞ മത്സരങ്ങളിലെ വിജയങ്ങളിൽ നിർണ്ണായകമായത്. അഖിൽ സ്‌കറിയ കഴിഞ്ഞാൽ ടൂർണ്ണമെന്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയത് കൊല്ലത്തിന്റെ അമൽ എ ജിയാണ്. ഇത് വരെ 16 വിക്കറ്റുകൾ വീഴ്ത്തിയ അമൽ തന്നെയായിരുന്നു സെമിയിൽ തൃശൂരിനെതിരെ പ്ലെയർ ഓഫ് ദി മാച്ച് പുരസ്‌കാരവും സ്വന്തമാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button