ബെന്നു ഛിന്നഗ്രഹത്തില്‍ സൗരയൂഥത്തിനേക്കാള്‍ പഴക്കമുള്ള നക്ഷത്രധൂളികള്‍; വിസ്‌മയിപ്പിച്ച് കണ്ടെത്തല്‍

അരിസോണ: സൗരയൂഥം രൂപംകൊള്ളുന്നതിന് മുമ്പുള്ള നക്ഷത്രധൂളികള്‍ ബെന്നു ഛിന്നഗ്രഹത്തിലുണ്ടെന്ന് (101955 Bennu) തിരിച്ചറിഞ്ഞ് ഗവേഷകര്‍. ശ്രദ്ധേയമായ ഒരുകൂട്ടം ഘടകങ്ങള്‍ ബെന്നു ഛിന്നഗ്രഹത്തിന്‍റെ സാംപിളില്‍ അടങ്ങിയിരിക്കുന്നു എന്നാണ് ബെന്നുവിന്‍റെ സാംപിള്‍ പരിശോധിക്കുന്ന ഗവേഷകരുടെ വാക്കുകള്‍. ഈ പദാര്‍ഥങ്ങളില്‍ ചിലതാണ് സൂര്യന്‍ രൂപപ്പെടുന്നതിനും മുമ്പുള്ളത്. സൗരയൂഥത്തിന്‍റെ ആദ്യകാലത്തെ കുറിച്ച് സൂചനകള്‍ നല്‍കാന്‍ ഈ ബെന്നു സാംപിളുകള്‍ക്കാകും എന്നാണ് ഗവേഷകരുടെ പ്രതീക്ഷ.
കൗതുകമുണര്‍ത്തി ബെന്നുവിലെ പഠനം
നമ്മുടെ സൗരയൂഥത്തിന്‍റെ പ്രാരംഭ ഘട്ടത്തിലുണ്ടായിരുന്ന ഘടകങ്ങളുടെ ഒരു കൂട്ടമാണ് ബെന്നു ഛിന്നഗ്രഹം എന്ന അറിവ് കൗതുകകരമാണ്- എന്ന് ബെന്നു സാംപിളുകളുടെ ഗവേഷകയും പഠനങ്ങളുടെ രചയിതാവുമായ അരിസോണ സര്‍വകലാശാലയിലെ പിയറി ഹെയ്‌നെകോർ സ്പേസ് ഡോട് കോമിനോട് പറഞ്ഞു. സൗരയൂഥത്തില്‍ എല്ലായിടത്തുമുണ്ടായിരുന്ന വസ്തുക്കളുടെ അവശിഷ്‌ടങ്ങള്‍ ബെന്നുവിലുണ്ട്. കടുത്ത ചൂടിനെയും വെള്ളവുമായുള്ള പ്രതിപ്രവർത്തനങ്ങളെയും അതിജീവിച്ച ഇവ മാതൃഗ്രഹവുമായുള്ള കൂട്ടിയിടി ഉള്‍പ്പടെയുള്ള ഇംപാക്‌ട് ഇവന്‍റുകളെയും അതിജീവിച്ചവയാണ് എന്നും പിയറി ഹെയ്‌നെകോർ വ്യക്തമാക്കി.




