തലശ്ശേരിയിൽ അമ്മയും കുഞ്ഞും ആശുപത്രി ജനുവരിയിൽ പ്രവർത്തന സജ്ജമാകും

തലശ്ശേരി അമ്മയും കുഞ്ഞും ആശുപത്രിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഡിസംബർ 31-നുള്ളിൽ പൂർത്തിയാക്കുന്നതിനും ജനുവരി ആദ്യം ഉദ്ഘാടനം നടത്താൻ കഴിയുന്ന നിലയിൽ മുന്നോട്ടുപോകുന്നതിനും തീരുമാനിച്ചു. നിയമസഭാ സ്പപീക്കർ എ. എൻ.
ഷംസീറിൻെ അദ്ധ്യക്ഷതയിൽ സ്പീക്കറുടെ ചേംബറിൽ കൂടിയ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. ആശുപത്രി കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതോടൊപ്പം, ആശുപത്രി ഉപകരണങ്ങൾ വാങ്ങുന്നതിനും ഫർണീച്ചറുകൾ സജ്ജീകരിക്കുന്നതിനുമുള്ള നടപടികളും സമാന്തരമായി നടപ്പാക്കും. ആശുപത്രിക്കാവശ്യമായ പോസ്റ്റ് ക്രിയേഷനുള്ള പ്രൊപ്പോസൽ അടിയന്തരമായി സർക്കാരിന് സമർപ്പിക്കും.
തലശ്ശേരി കണ്ടിക്കലിൽ എല്ലാ അത്യാധുനിക സൗകര്യങ്ങളോടും കൂടിയ ഏഴു നില കെട്ടിടമാണ് കിഫ്ബി സഹായത്തോടെ അമ്മയും കുഞ്ഞും ആശുപത്രിക്കായി ഒരുങ്ങുന്നത്.കോടിയേരി രി ബാലകൃഷണന്റെ നേതൃത്വത്തിൽ ജനകീയമായി സമാഹരിച്ച 3.5 കോടി രൂപ ചെലവഴിച്ചാണ് ആശുപത്രിക്കായി സ്ഥലമേറ്റെടുത്തത്. ജനുവരിയിൽ അമ്മയും കുഞ്ഞും ആശുപത്രിയുടെ പണി പൂർത്തിയാകുന്നതോടെ ഓപ്പറേഷൻ തീയറ്ററടക്കമുള്ള അവിടത്തെ സജ്ജീകരണങ്ങൾ കൂടി ഉപയോഗിച്ചുകൊണ്ട് അപകടാവസ്ഥയിലായ തലശ്ശേരി ജനറൽ ആശുപത്രി ഇതിന് സമീപത്തായി ഷിഫ്റ്റ് ചെയ്യുന്നതും പ്രവർത്തനം അവസാനിപ്പിച്ച കാസർഗോഡ് ടാറ്റ ആശുപത്രിയുടെ പ്രീ ഫാബ്രിക്കേറ്റഡ് കണ്ടെയിനറുകൾ ഉപയോഗിച്ച് താല്ക്കാലിക സംവിധാന മൊരുക്കുന്നതും സംബന്ധിച്ച കാര്യങ്ങളും യോഗം വിലയിരുത്തി. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെ, എൻ.എച്ച്.എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ വിനയ് ഗോയൽ, തലശ്ശേരി അമ്മയും കുഞ്ഞും ആശുപത്രി സ്പെഷ്യൽ ഓഫീസർ ഡോ. ബിജോയ്, ഹെൽത്ത് സർവ്വീസസ് അഡീഷണൽ ഡയറക്ടർ ഡോ. ഷിനു, അഡീഷണൽ ഡയറക്ടർ ഡോ. ഷിനു, അഡീഷണൽ ഡയറക്ടർ (പ്ലാനിംഗ്) ഡോ. സുകേഷ് രാജ്, കിഫ്ബി, കിറ്റ്കോ, യു.എൽ.സി.സി.എസ് പ്രതിനിധികൾ, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി. മനോഹരൻ നായർ, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാരായ എം. കുഞ്ഞുമോൻ, അർജ്ജുൻ എസ്. കെ. എന്നിവർ യോഗത്തിൽ പങ്കെടുത്തു.




