ഈ ജില്ലകളിൽ മഴ കനക്കും; മഞ്ഞ അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ വകുപ്പ്

ഒരിടവേളക്ക് ശേഷം കേരളത്തിൽ വീണ്ടും മഴ കനക്കുന്നു. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ (Yellow)അലർട്ട് പ്രഖ്യാപിച്ചു. നാളെ (03/09/2025) തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും മറ്റന്നാൾ (04/09/2025) കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലുമാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
കള്ളക്കടൽ ജാഗ്രതാ നിർദേശം
കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കൊല്ലം ജില്ലയുടെ കടൽ തീരങ്ങളിൽ 02/09/2025 ഉച്ചയ്ക്ക് 02.30 വരെ 1.4 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
മോശം കാലാവസ്ഥ: മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം
മോശം കാലാവസ്ഥയെ തുടർന്ന് ഇന്നും വരും ദിവസങ്ങളിലും മത്സ്യത്തൊഴിലാളികൾക്കായി ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. കേരള തീരത്ത് 03, 04 തീയതികളിലും, കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (02/09/2025) മുതൽ 04/09/2025 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.




