“പുതിയ ശക്തമായ വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്ന് വ്യക്തം”; വോട്ട് അധികാർ യാത്ര വലിയ വിജയമെന്ന് രാഷ്‌ട്രീയ വിലയിരുത്തൽ

പട്‌ന: 16 ദിവസം നീണ്ട വോട്ട് അധികാർ യാത്ര വലിയ വിജയമാണെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ. യാത്രയുടെ അവസാനം രാഹുൽ ഗാന്ധി നടത്തിയ ഹൈഡ്രജൻ ബോംബ് പരാമർശം എന്താകുമെന്ന ആകാംക്ഷയിലാണ് പലരും. അതേ സമയം രാഹുലിൻ്റെ ബോംബ് പരാമർശത്തെ കളിയാക്കി, യാത്രയ്ക്കിടെ ഉണ്ടായ മോദി അധിക്ഷേപം ഉയർത്തി മുന്നേറ്റത്തിൻ്റെ മേനി കുറയ്ക്കാനുള്ള പരിശ്രമത്തിലാണ് എൻഡിഎ. അതുകൊണ്ട് തന്നെയാകണം വോട്ടർപട്ടിക ക്രമക്കേട് കണ്ടെത്തുന്നതിൽ മുൻനിരയിലുണ്ടായ കോൺഗ്രസ് നേതാവ് പവൻ ഖേടയ്ക്ക് എതിരെ ഇരട്ട വോട്ടർ ഐഡി ആരോപണം ഉൾപ്പെടെ കൊണ്ടുവന്നത്.
വോട്ട് അധികാർ യാത്രയ്ക്ക് ശേഷം ഇനിയെന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരം നൽകിയാണ് രാഹുൽ ഗാന്ധി അതിന് സമാപനം കുറിച്ചത്. പുതിയ ശക്തമായ വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്ന് വ്യക്തമാണ്. പക്ഷെ അത് വോട്ടർപട്ടികയെ കുറിച്ച് മാത്രമാണോ അതോ മറ്റേതെങ്കിലും വിഷയമാണോ എന്ന ചോദ്യമാണ് ഉയരുന്നത്. വോട്ടർപട്ടിക ക്രമക്കേടിലെ കൂടുതൽ സ്ഥലങ്ങളിലെ കണക്കുകളാകാം എന്നാണ് നിഗമനം.
മഹാരാഷ്ട്ര അസംബ്ലി തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നതായുള്ള രാഹുൽ ഗാന്ധിയുടെ സംശയത്തിന് പിന്നാലെ ഞെട്ടിക്കുന്ന കണക്കുകളാണ് പൻവേൽ മണ്ഡലത്തിൽ നിന്ന് പുറത്തുവരുന്നത്. 85,211 പേരുകൾ പല പൻവേലിലും മറ്റ് മണ്ഡലങ്ങളിലുമായി ഒന്നിലേറെ തവണ ആവർത്തിക്കപ്പെട്ടതായി കണ്ടെത്തിയത്. ഇത് സംബന്ധിച്ചാകും വെളിപ്പെടുത്തലെന്നും നിഗമനമുണ്ട്. രാഹുൽ സൂചിപ്പിച്ച ഹൈഡ്രജൻ ബോംബ് എന്താകും എന്നതിലെ ആകാംക്ഷ പ്രതിപക്ഷ മുന്നണിക്ക് മാത്രമല്ല, ബിജെപി നയിക്കുന്ന എൻഡിഎയ്ക്കും ഉണ്ട്. അതുകൊണ്ട് തന്നെയാണ് രാഹുൽ ഗാന്ധിക്ക് ആശയക്കുഴപ്പമാണെന്ന തരത്തിൽ ബിജെപി പ്രചരണം നടത്തുന്നത്.




