തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിർമ്മിച്ച പുതിയ എംഎൽറ്റി ബ്ലോക്ക് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കിഫ്ബി ഫണ്ടിൽ നിർമ്മിച്ച പുതിയ എം എൽ റ്റി ബ്ലോക്ക് പ്രവർത്തനസജ്ജമായി. മുഖ്യമന്ത്രി പിണറായി വിജയൻ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
ഇതിനൊപ്പം 81.50 കോടി രൂപ ചെലവിൽ നിർമ്മാണം ആരംഭിക്കുന്ന പുതിയ ഓപ്പറേഷൻ തിയേറ്ററിൻ്റെ നിർമ്മാണോദ്ഘാടനവും മുഖ്യമന്ത്രി നിർവ്വഹിച്ചു.
കിഫ്ബി ഫണ്ടിൽ 21.35 കോടി രൂപ ചെലവിലാണ് പുതിയ എം എൽ റ്റി ബ്ലോക്ക് നിർമ്മിച്ചത്. ഇതിനൊപ്പം, 7 നിലകളിലായി 14 ഓപ്പറേഷൻ തീയേറ്ററുകളും, 145 കിടക്കകളും, 16 ഐ സി യുകളും ഉൾപ്പെടുന്ന പുതിയ ഓപ്പറേഷൻ തിയേറ്ററിന്റെ നിർമ്മാണോദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.
ആരോഗ്യ മേഖലയിൽ മാത്രം കിഫ്ബിയിലൂടെ നടന്നത് 10,000 കോടിയിലധികം രൂപയുടെ വികസനമാണ്. പുതിയ സൗകര്യങ്ങൾ രോഗീ പരിചരണ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും, കൂടുതൽ രോഗ നിർണയത്തിനും ചികിത്സയ്ക്കും ഇവയെല്ലാം ഉപകരിക്കുമെന്നും, സാധാരണക്കാരന്റെ ചികിത്സാ ചെലവ് കുറയ്ക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പുതിയ കാത്ത്ലാബ്, ന്യൂക്ലിയർ മെഡിസിൻ വിഭാഗത്തിൽ സ്ഥാപിച്ച സ്പെക്ട് സി ടി സ്കാൻ, 128 സ്ലൈസ് സി ടി യൂണിറ്റ്, നവജാത ശിശുവിഭാഗത്തിൽ ‘ജീവാമൃതം’ എന്ന പേരിൽ സ്ഥാപിച്ച ബ്രസ്റ്റ്മിൽക്ക് ബാങ്ക് എന്നിവയ്ക്കു പുറമെ, സംസ്ഥാനത്ത് ആദ്യമായി ആരംഭിക്കുന്ന സ്കിൻ ബാങ്കും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.




