ആരോഗ്യ രംഗത്തെ മുന്നേറ്റത്തിൽ ഒരു ചുവടു കൂടി വെച്ച് കേളകം ഗ്രാമപഞ്ചായത്ത്;ആയുർവേദ പാലിയേറ്റീവ് കെയർ പദ്ധതിക്ക് തുടക്കം കുറിച്ചു

കേളകം: ആരോഗ്യ രംഗത്തെ മുന്നേറ്റത്തിൽ ഒരു ചുവടു കൂടി വെച്ച് കേളകം ഗ്രാമപഞ്ചായത്ത്. ” അരികെ “എന്ന പേരിലുള്ള ആയുർവേദ പാലിയേറ്റീവ് കെയർ പദ്ധതിക്ക് ഇന്ന് തുടക്കം കുറിച്ചു.
കിടപ്പിലായ രോഗികളുടെ പരിചരണവും ദീർഘകാല രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസത്തിന്റെ തിരിനാളവുമായി വീടുകളിലെത്തി ഡോക്ടറുടെയും നഴ്സിന്റെയും യോഗാ ഇൻസ്‌ട്രക്ടറുടെയും സൗജന്യ സേവനവും സൗജന്യ ഷുഗർ പ്രഷർ പരിശോധനയും സൗജന്യമായി ഔഷധങ്ങളും എല്ലാം ഉൾപ്പെടുന്നതാണ് ” അരികെ “പാലിയേറ്റീവ് കെയർ പദ്ധതി.
നിലവിൽ കേളകം പി എച്ച് സി യുടെ കീഴിലുള്ള പാലിയേറ്റീവ് യൂണിറ്റ് ഡോക്ടറുടെയും പാലിയേറ്റീവ് നഴ്സിന്റെയും നേതൃത്വത്തിൽ ആശാ വർക്കർമാരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും സഹായത്തോടെ 250 പേർക്ക് പാലിയേറ്റീവ് പരിചരണം നൽകുന്നുണ്ട്. ഇതിൽ 152 പേർക്ക് മികച്ച രീതിയിലുള്ള ഹോം കെയറും നൽകി വരുന്നു.
കേരള കെയർ പദ്ധതിയുടെ ഭാഗമായുള്ള വളണ്ടിയർ രെജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു. അവർക്ക് പരിശീലനം നൽകാനുള്ള പദ്ധതിയും പഞ്ചായത്ത് തയ്യാറാക്കിയിട്ടുണ്ട്. ഇതോടെ ആവശ്യമുള്ള എല്ലാവർക്കും പാലിയേറ്റീവ് പരിചരണം ഉറപ്പുവരുത്തി സമ്പൂർണ പാലിയേറ്റീവ് പഞ്ചായത്തായി മാറാൻ പോവുകയാണ് കേളകം ഗ്രാമപഞ്ചായത്ത്.
ആരോഗ്യ കേളകം എന്ന ലക്ഷ്യത്തോടെ ആരോഗ്യമേഖലക്ക് പ്രാധാന്യം കൊടുത്തു കൊണ്ടാണ് കേളകം ഗ്രാമപഞ്ചായത്തിന്റെ 2025 – 26 വർഷത്തെ ബജറ്റ് അവതരിപ്പിച്ചത്. ബജറ്റിലെ ലക്ഷ്യങ്ങൾ ഒന്നൊന്നായി പൂർത്തീകരിച്ചുകൊണ്ട് ആരോഗ്യ ഗ്രാമമാകാനുള്ള ലക്ഷ്യത്തിലേക്കുള്ള ചവിട്ട് padi കൂടിയാണ് ” അരികെ “എന്ന പേരിലുള്ള ആയുർവേദ പാലിയേറ്റീവ് കെയർ പദ്ധതി.




