അരീക്കോട് ഒറ്റപ്പെട്ടുപോയ അസം സ്വദേശിനിക്കും കുഞ്ഞുങ്ങൾക്കും ആശ്രയമായി സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍, ഒടുവിൽ നാട്ടിലേക്ക് മടക്കം

മലപ്പുറം : അരീക്കോട് ബസ് സ്റ്റാന്‍ഡില്‍ ഒറ്റപ്പെട്ടുപോയ അസം സ്വദേശിനിയെയും കുഞ്ഞുങ്ങളെയും ഒരാഴ്ചയ്ക്കകം ബന്ധുവിനോടൊപ്പം നാട്ടിലയച്ച് സഖി വണ്‍ സ്റ്റോപ്പ് സെന്ററിന്റെ ഇടപെടല്‍. അസമിലെ നഗവോണ്‍ സ്വദേശിനിയായ 23കാരിയെയും നാലും ഒന്നും വയസ്സുള്ള കുഞ്ഞുങ്ങളെയും ആഗസ്റ്റ് 19നാണ് അരീക്കോട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഒറ്റപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
താല്‍ക്കാലിക സംരക്ഷണം ഉറപ്പാക്കുന്നതിനായി അരീക്കോട് പോലീസ് അന്ന് രാത്രി തന്നെ പെരിന്തല്‍മണ്ണ സഖി-വണ്‍ സ്റ്റോപ്പ് സെന്ററില്‍ എത്തിക്കുകയായിരുന്നു.
കേരളത്തില്‍ ജോലിക്കെത്തിയ ഭര്‍ത്താവിനൊപ്പം നാല് മാസമായി താമരശ്ശേരിയിലാണ് താമസിച്ചിരുന്നതെന്നാണ് യുവതി പൊലീസിന് നല്‍കിയ വിവരം. യുവതിയുമായി വഴക്കിട്ട ഭര്‍ത്താവ് അവരെ ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ചുപോകുകയായിരുന്നു. ഭര്‍ത്താവിനെക്കുറിച്ച് വിവരമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്നാണ് അസമിലെ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമമാരംഭിച്ചത്.




