ഓണാഘോഷത്തിനെതിരായ വർഗീയ പരാമർശം; അധ്യാപികയ്‌ക്കെതിരെ കേസ്

തൃശൂർ: ഓണം ഹിന്ദുമത വിശ്വാസികളുടെ ആഘോഷമാണ് എന്ന് രക്ഷിതാക്കളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ശബ്ദസന്ദേശം പങ്കുവച്ച അധ്യാപികയ്ക്കെതിരെ കേസ്. കുന്നംകുളം കടവല്ലൂർ സിറാജുൽ ഉലും ഇംഗ്ലീഷ് ഹൈസ്കൂളിലെ അധ്യാപിക ഖദീജയ്‌ക്കെതിരെ കുന്നംകുളം പൊലീസാണ് കേസ് എടുത്തത്. മതസ്‌പർധ വളർത്തൽ വകുപ്പുകളടക്കമാണ് അധ്യാപികയ്‌ക്കെതിരെ ചുമത്തിയത്.
ഓണാഘോഷം ഹിന്ദു മതവിശ്വാസികളുടെ ആണെന്നും അതില്‍ ഇസ്ലാം മതത്തിൽപ്പെട്ട കുട്ടികളെ പങ്കെടുപ്പിക്കരുതെന്നുമാണ് അധ്യാപിക പറഞ്ഞത്. അധ്യാപികയുടേത് വർഗീയ പരാമർശമാണെന്ന് കാട്ടി ഡിവൈഎഫ്ഐ കുന്നംകുളം പൊലീസിൽ പരാതി നൽകിയിരുന്നു.
ഇസ്ലാമിക അന്തരീക്ഷത്തില്‍ നല്ല വിദ്യാഭ്യാസ കൊടുക്കുകയാണ് ലക്ഷ്യം. ഓണത്തിന്റെ അടിസ്ഥാനങ്ങളില്‍ ആരാധന വരുന്നുണ്ട്. ഹിന്ദു മതവിശ്വാസികളുടെ ആരാധനയുടെ ഭാഗമാണ് ഓണം. നമ്മള്‍ അവരുടെ ആരാധനയില്‍ പങ്കെടുക്കുക, മാവേലി വേഷം കെട്ടുക, പൂക്കളം ഇടുക ഇതൊക്കെ നമ്മള്‍ തന്നെ പ്രോത്സാഹിച്ചാല്‍ എങ്ങനെ മക്കള്‍ക്ക് മനസിലാകും,” അധ്യാപിക ശബ്ദ സന്ദേശത്തില്‍ പറയുന്നു.
അധ്യാപിക പറഞ്ഞത് അവരുടെ അഭിപ്രായം മാത്രാമണെന്നും സ്‌കൂളിൻ്റെ നിലപാട് അല്ലെന്നും പ്രിൻസിപ്പൽ അറിയിച്ചു. അധ്യാപികയുടെ വർഗീയ പരാമർശത്തിൽ പ്രതിഷേധിച്ച് ഇന്ന് ഡിവൈഎഫ്ഐ സ്കൂളിലേക്ക് മാർച്ച് നടത്തും. കടവല്ലൂർ വെസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാർച്ച്




