Uncategorized

പ്ലസ് ടു സർട്ടിഫിക്കറ്റുകളിലെ പിഴവിൽ എങ്ങുമെത്താതെ വിദ്യാഭ്യാസവകുപ്പിൻ്റെ അന്വേഷണം; കുറ്റക്കാരായ ജീവനക്കാരെ സംരക്ഷിക്കാൻ ശ്രമമെന്ന് ആക്ഷേപം

സംസ്ഥാനത്തെ പ്ലസ് ടു മാർക്ക് ലിസ്റ്റുകളിൽ പിഴവ് കണ്ടെത്തിയതിൽ അന്വേഷണം എങ്ങും എത്തിയില്ല. ഇക്കഴിഞ്ഞ അധ്യയന വർഷം പഠനം പൂർത്തിയാക്കിയ 30,000ത്തോളം വിദ്യാർഥികളുടെ ലിസ്റ്റുകളിലായിരുന്നു പിഴവ്. വിദ്യാഭ്യാസമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും റിപ്പോർട്ട് ഇതുവരെ തയ്യാറാക്കിയിട്ടില്ല.

ഈ അധ്യയന വർഷം പ്ലസ് ടു പൂർത്തിയാക്കിയ നാലര ലക്ഷത്തോളം വിദ്യാർഥികളിൽ മുപ്പതിനായിരത്തോളം വിദ്യാർഥികളുടെ സർട്ടിഫിക്കറ്റുകളിലാണ് പിഴവ് കണ്ടെത്തിയത്. സർട്ടിഫിക്കറ്റിൽ നാലാമതായി വരുന്ന വിഷയത്തിലെ ഒന്നാമത്തെയും രണ്ടാമത്തെയും വർഷത്തെ മാർക്കുകളിൽ വ്യത്യസ്ത മാർക്ക് ലഭിച്ചവരാണ് പ്രതിസന്ധി നേരിട്ടത്. ന്യൂസ് മലയാളം വാർത്തയ്ക്ക് പിന്നാലെ മന്ത്രി വി. ശിവൻകുട്ടി ഇടപെട്ട് അന്വേഷണം പ്രഖ്യാപിച്ചു. ഹയർസെക്കൻഡറി വിഭാഗം അക്കാദമിക് ജോയിൻ്റ് ഡയറക്ടർ, സംസ്ഥാന ഐടി സെൽ പ്രതിനിധി, സർക്കാർ പ്രസ് പ്രതിനിധി എന്നിവർ അടങ്ങുന്ന സമിതിയ്ക്കായിരുന്നു അന്വേഷണ ചുമതല. ജൂൺ 24ന് അന്വേഷണം പ്രഖ്യാപിച്ച സംഭവത്തിൽ റിപ്പോർട്ട് സമർപ്പിച്ചോ എന്ന ചോദ്യത്തിന് ഹയർസെക്കൻഡറി പരീക്ഷാ വിഭാഗത്തിൻ്റെ മറുപടി വിഷയം സർക്കാർ തലത്തിൽ നടന്നു വരുന്നു എന്നാണ്.

അതീവ രഹസ്യസ്വഭാവമുള്ളതാണ് വിദ്യാർഥികളുടെ മാർക്ക് സർട്ടിഫിക്കറ്റ് അച്ചടി. ഹയർസെക്കൻഡറി പരീക്ഷ വിഭാഗം തയ്യാറാക്കുന്ന മാർക്ക് ലിസ്റ്റുകൾ ടെൻഡർ നേടിയ സ്ഥാപനത്തിന് കൈമാറും. ഇവരാണ് പിന്നീട് അച്ചടിക്കുശേഷം വിദ്യാഭ്യാസ വകുപ്പിന് സർട്ടിഫിക്കറ്റുകൾ കൈമാറുന്നത്. മിക്കവാറും സംസ്ഥാനത്തിന് പുറത്തുള്ള കരാറുകാരാണ് അച്ചടിക്കാർ. സോഫ്റ്റ്‌വെയർ വീഴ്ചയാണെന്നാണ് വകുപ്പ് പ്രാഥമികമായി നൽകിയ മറുപടി. എന്നാൽ ദിവസം 60 പിന്നിട്ടിട്ടും അന്വേഷണറിപ്പോർട്ട് സമർപ്പിക്കാൻ കരാറുകാരുടെ ഓഫീസിലെത്തി പരിശോധിക്കണമെന്നാണ് ചുമതലയുള്ള അക്കാദമിക് ജോയിൻ്റ് ഡയറക്ടറുടെ വിശദീകരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button