ചെളിയിൽ ചവിട്ടിയാൽ കുഴപ്പമില്ല അത് വൃത്തിയായി കഴുകിയിട്ട് വരണമെന്ന ഉപദേശമാണ് ഷാഫി നൽകിയത്: എ കെ ഷാനിബ്

കൊച്ചി: പാലക്കാട് എംഎൽഎയും യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള പരാതികളെ കുറിച്ച് ഷാഫി പറമ്പിൽ എംപിക്കും പ്രതിപക്ഷ നേതാവ് വി ഡി സതീശനും അറിയാമായിരുന്നുവെന്ന് ഡിവൈഎഫ്ഐ നേതാവ് എ കെ ഷാനിബ്. ഡിബേറ്റ് വിത്ത് സ്മൃതി പരുത്തിക്കാടിൽ സംസാരിക്കുകയായിരുന്നു എ കെ ഷാനിബ്. താൻ യൂത്ത് കോൺഗ്രസ് നേതാവായിരുന്ന കാലത്ത് പാലക്കാട് നടന്ന ചിന്തൻ ശിബിരത്തിൽ പങ്കെടുത്ത യുവതിയോട് മറ്റൊരു യൂത്ത് കോൺഗ്രസ് നേതാവ് രാത്രിയിൽ അപമര്യാദയായി പെരുമാറിയിരുന്നുവെന്നും ഷാനിബ് വെളിപ്പെടുത്തി. ഇതിൽ രേഖാമൂലം പരാതി നൽകിയിട്ടും ഷാഫി പറമ്പിലും പ്രതിപക്ഷ നേതാവും സ്വീകരിച്ച നിലപാട് എന്താണെന്ന് കൃത്യമായി മനസിലാക്കിയിട്ടുണ്ട്. ആ പെൺകുട്ടിയെ അപമാനിക്കുന്ന നിലപാട് തുടർന്നുണ്ടായതെന്നും ഷാനിബ് ആരോപിക്കുന്നു. 2009ൽ മറ്റൊരു യൂത്ത്കോൺഗ്രസ് നേതാവിനെതിരെയും ഒരു യുവതി പ്രതിപക്ഷ നേതാവിന് പരാതി നൽകിയിരുന്നു.




