ഇരിട്ടി മേഖലയിൽ മഞ്ഞപ്പിത്തം പടരുന്നു;വ്യാപനം ശക്തമായതോടെ പരിശോധനകൾ ശക്തമാക്കി ആരോഗ്യ വകുപ്പ്

ഇരിട്ടി: ഇരിട്ടി മേഖലയിൽ വ്യാപിക്കുന്ന മഞ്ഞപ്പിത്തത്തിൻ്റെ ഉറവിടം ഇതുവരെ എന്തെന്ന് കണ്ടെത്താനായില്ല. വ്യാപനം ശക്തമായതോടെ ആരോഗ്യ വകുപ്പ് പരിശോധനകൾ ശക്തമാക്കി.വിദ്യാർത്ഥികൾക്കും അഞ്ചിലധികം അധ്യാപകർക്കും രോഗം പിടിപ്പെട്ടു. സ്കൂൾ കിണറിൽ നിന്നുള്ള വെള്ളമാണ് രോഗകാരണമെന്ന നിഗമനം ശക്തമായിരുന്നെങ്കിലും വെള്ളത്തിന്റെ പരിശോധനാ ഫലം വന്നതോടെ രോഗവ്യാപനം വെള്ളമല്ലെന്ന് സ്ഥിരീകരിക്കപ്പെട്ടു. മറ്റ് മേഖലകളിൽ നിന്നാണ് രോഗം പടർന്നതെന്ന നിഗമനത്തെ തുടർന്ന് പായം, ഇരിട്ടി നരസഭാ പ്രദേശങ്ങളിൽ പരിരോധന ശക്തമാക്കിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്.
ഇരിട്ടി നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ രാത്രികാലങ്ങളിൽ തട്ടുകടകളും ഹോട്ടലുകളും പരിശോധിച്ചു. വൃത്തിഹീനമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് താക്കീത് നൽകി. ഇരിട്ടി ക്ലീൻസിറ്റി മാനേജർ കെ.വി. രാജീവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഇരിട്ടി സ്കൂളിൽ ഉൾപ്പെടെ മഞ്ഞപ്പിത്തം പടർന്ന സാഹചര്യത്തിൽ ഉറവിടം കണ്ടെത്താൻ കഴിയാത്ത
സാഹചര്യത്തിലാണ് ടൗണിലും പരിശോധന വ്യാപിപ്പിച്ചത്.ഹോട്ടലുകളിലേക്കും തട്ട് കടകളിലേക്കും വെള്ളം എടുക്കുന്ന സ്രോതസ്സുകളുടെ വെള്ളം പരിശോധന സർട്ടിഫിക്കറ്റുകളും തൊഴിലാളികളുടെ ഹെൽത്ത് കാർഡുകളും പരിശോധിച്ചു.
പലയിടങ്ങളിലും പോരായ്‌മകൾ കണ്ടെത്തിയതോടെ അത് പരിഹരിക്കാൻ ആരോഗ്യവിഭാഗം നിർദേശം നൽകി. ജബ്ബാർകടവിൽ പുഴയിലേക്ക് മാലിന്യം തള്ളാൻ എത്തിയ ഇതര സംസ്ഥാനക്കാരനെ നാട്ടുകാർ പിടിച്ചുവെച്ചെങ്കിലും ആരോഗ്യവിഭാഗം അധികൃതർ എത്തുമ്ബോഴേക്കും ഇയാൾ ഓടി രക്ഷപ്പെട്ടു. വരുംദിവസങ്ങളിലും ആരോഗ്യവിഭാഗം രാത്രികാലങ്ങളിൽ ഉൾപ്പെടെ പരിശോധന നടത്തും. പായം പഞ്ചായത്തിൽ വീടുകളിലും പരിസരങ്ങളിലും പരിശോധന നടത്തുകയും വൃത്തിഹീനമായ സാഹചര്യം കണ്ടെത്തിയ വീട്ടുകരോട് ഉടൻ പരിഹരിക്കാൻ നിർദേശിക്കുകയും ചെയ്തു.




