വിസ വാഗ്ദാനം നൽകി ഒന്നരക്കോടിയോളം തട്ടിയെടുത്ത മലപ്പുറം സ്വദേശി പിടിയിൽ

ഇരിട്ടി: യുഎഇ യിലേക്ക് വിസ വാഗ്ദാനം നൽകി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറിലധികം പേരിൽ നിന്നായി ഒന്നരക്കോടിയോളം തട്ടിയെടുത്ത മലപ്പുറം സ്വദേശിയെ ആറളം പോലീസ് ബംഗളൂരുവിൽ നിന്നും അറസ്റ്റുചെയ്തു. മലപ്പുറം വണ്ടൂർ പാലക്കോട് സ്വദേശി ചെണ്ടമൻകുളത്തിൽ സി.കെ. അനീസി (39) നെയാണ് ആറളം എസ്‌ഐ കെ. ശുഹൈബിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കർണ്ണാടക പോലീസിന്റെ സഹായത്തോടെ ബംഗളൂരുവിലെ അനീസിന്റെ വാടക വീട്ടിൽ നിന്നുമാണ് അറസ്റ്റുചെയ്തത്.
ആറളം കീഴ്പ്പള്ളി പുതിയങ്ങാടി സ്വദേശി മുഹമ്മദ് അജ്‌സൽ ന് യുഎയിലേക്ക് വിസ വാഗ്ദാനം ചെയ്ത് 1,40000 രൂപ തട്ടിയെടുത്ത കേസിലാണ് ഇയാളെ പിടികൂടിയത്. യുഎയിലേക്ക് അക്കൗണ്ടന്റിന്റെ വിസയാണ് ഇയാൾക്ക് വാഗ്ദാനം നൽകിയത്. ഫോൺ എടുക്കാതായതോടെയാണ് വഞ്ചിക്കപ്പെട്ടു എന്ന് മനസ്സിലാക്കിയ മുഹമ്മദ് അജ്സൽ ആറളം പോലീസിൽ ഒരു വർഷം മുമ്പ്പരാതി നൽകിയത്.
പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി മലപ്പുറം വണ്ടൂർ പാലക്കോട് സ്വദേശിയാണെന്ന് മനസ്സിലാക്കിയെങ്കിലും ഇയാൾ പോലീസ് എത്തുമ്പോഴെക്കും മറ്റൊരു സ്ഥലത്തേക്ക് താമസം മാറ്റിയിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ ബംഗളൂരുവിലേക്ക് താമസം മാറ്റിയതായി പോലീസ് കണ്ടെത്തി. ഇവിടെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഇയാൾ ഉപയോഗിച്ച ഫോണും ഫോൺ നമ്പറും മറ്റും പലതവണ മാറ്റിയതിനാൽ പോലീസിന് ആളെ കണ്ടെത്താൻ കഴിഞ്ഞില്ല. ബംഗളൂരു മേൽ വിലാസത്തിൽ ഇയാൾ ആധാറും പാൻകാർഡും മറ്റും സംഘടിപ്പിച്ചിരുന്നു. അനീസിന്റെ ബാങ്ക് ഇടപാട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാൾ പഞ്ചാബിലെ ജലന്തറിലേക്ക് താമസം മാറിയതായി പോലീസിന് വിവരം ലഭിച്ചു.
ആധാർ കാർഡും പാൻ കാർഡും ഉപയോഗിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ ജലന്തറിൽ ഇയാൾ സ്ഥലം വാങ്ങി വീട് വെച്ച് സ്ഥിരതാമസമാക്കിയതായി കണ്ടെത്തി. ബാംഗ്ലൂരിലെ വാടകവീട്ടിൽ താമസിക്കുന്നതിനിടയിൽ പഞ്ചാബ് കാരിയെ വിവാഹം കഴിച്ച ശേഷമാണ് ഇയാൾ അങ്ങോട്ട് താമസം മാറിയത്. പോലീസ് ഇയാളെ പിന്തുടർന്ന് ജലന്തറിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടയിൽ ഇയാൾ ബംഗളൂരുവിൽ എത്തിയതായി കണ്ടെത്തി. തുടർന്ന് ബംഗളൂരു പോലീസിന്റെ സഹായത്തോടെ അനീസ് താമസിച്ചിരുന്ന വീട് വളഞ്ഞാണ് ഇയാളെ പിടികൂടിയത്.
കേരളത്തിൽ ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിലായി പതിനഞ്ചോളം കേസുകൾ നിലവിലുണ്ട്. തിരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ആറും, പരപ്പന പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടും കരുവാരക്കുണ്ട്, മൂവാറ്റുപുഴ, കൊട്ടാരക്കര, പൊന്നാനി, മങ്കട, ബേടകം പോലീസ് സ്റ്റേഷനിൽ ഉൾപ്പെടെ സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലകളിലും ഇയാൾക്കെതിരെ പരാതിയുണ്ടെന്ന് പോലീസ് പറഞ്ഞു. വിവിധകേസുകളിലായി ഒന്നരക്കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ഇയാൾ പോലീസിന് മൊഴി നൽകിയിരിക്കുന്നത്. യൂറോപ്പിലേക്കും വിസ വാഗ്ദാനം നൽകി ആളെ പറ്റിക്കാനുള്ള ശ്രമം നടത്തുന്നതിനിടയിലാണ് ഇയാൾ പിടിയിലാകുന്നത്. നൂറും ഇരുന്നൂറും അംഗങ്ങളുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലെ അഡ്മിനെ സ്വാധീനിച്ച് ഇയാൾക്ക് പണം നൽകി ഗ്രൂപ്പിലേക്ക് വിദേശത്തേക്ക് ആളെ ആവശ്യമുണ്ടെന്ന പരസ്യം നൽകിയാണ് ഇയാൾ തട്ടിപ്പ് നടത്തിയത് എന്ന് പോലീസിന് മനസ്സിലായിട്ടുണ്ട്. യൂറോപ്പിലേക്ക് വിസയ്ക്കായി നിരവധിപേർ ഇയാളുമായി ബന്ധപ്പെട്ടതായുള്ള വിവരവും ഇയാളുടെ ഫോണിൽ നിന്നും പോലീസിന് ലഭിച്ചിട്ടുണ്ട്. 2014 മുതൽ തട്ടിപ്പ് തുടങ്ങിയെന്നാണ് പോലീസ് പറയുന്നത്. ഇയാളെ വിശദമായി ചോദ്യംചെയ്ത് വരികയാണ്. പോലീസ് അന്വേഷണസംഘത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സോജി അഗസ്റ്റിൻ, മനോജ്, സിവിൽ പോലീസ് ഓഫീസർ അനിൽ എന്നിവരും ഉണ്ടായിരുന്നു.




