തെരുവ് നായ കേസുകൾ, ഹർജിക്കാരായ എൻജിഒകളെല്ലാം 2 ലക്ഷം കെട്ടിവയ്ക്കണമെന്ന് സുപ്രീംകോടതി; അനുവദിച്ചത് 7 ദിവസം

ദില്ലി: തെരുവ് നായകളുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീം കോടതിയിൽ നിലവിൽ നടക്കുന്ന കേസിൽ, ഹർജിക്കാരായ വ്യക്തികളും എൻജിഒകളും കോടതി രജിസ്ട്രിയിൽ യഥാക്രമം 25,000 രൂപയും രണ്ട് ലക്ഷം രൂപയും കെട്ടിവെക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. ഏഴ് ദിവസത്തിനകം ഈ തുക കെട്ടിവെച്ചില്ലെങ്കിൽ ഹർജിക്കാരെയോ കക്ഷി ചേർന്നവരെയോ തുടർന്ന് കേസിൽ ഹാജരാകാൻ അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി.
ഇത്തരത്തിൽ ശേഖരിക്കുന്ന പണം തെരുവ് നായകൾക്കായി ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കാൻ ഉപയോഗിക്കുമെന്ന് കോടതി അറിയിച്ചു. മുനിസിപ്പൽ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലായിരിക്കും ഈ പ്രവർത്തനങ്ങൾ നടപ്പാക്കുക. കേവലം നിയമപരമായ നടപടികളിൽ ഒതുങ്ങാതെ, നായകളുടെ ക്ഷേമം ഉറപ്പാക്കുന്നതിന് ഈ ഫണ്ടുകൾ ഉപയോഗിക്കുമെന്നും കോടതി വ്യക്തമാക്കി.
ഈ ഉത്തരവ് സാധാരണക്കാർക്ക് ബാധകമല്ലെന്ന് ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ വിവേക് ശർമ്മ വ്യക്തമാക്കി. 25,000 രൂപയും 2 ലക്ഷം രൂപയും പിഴയായി ചുമത്തുന്നത് സ്വമേധയാ എടുത്ത കേസിൽ കക്ഷി ചേർന്ന എൻജിഒകൾക്കും മറ്റും മാത്രമാണ്. സാധാരണക്കാർക്ക് ഇത് ബാധകമല്ല. നായകളുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി ഈ ഫണ്ടുകൾ ഉപയോഗിക്കാനാണ് കോടതി ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.




