Uncategorized

യൂത്ത് കോൺഗ്രസിൽ അധ്യക്ഷ സ്ഥാനത്തിനായുള്ള പോരിന് തുടക്കം; ചേരിതിരിഞ്ഞുള്ള നീക്കങ്ങളുമായി ഗ്രൂപ്പുകളും നേതാക്കളും

വിവാദങ്ങളിൽ ഉലഞ്ഞ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ നാണം കെട്ടുള്ള പടിയിറക്കത്തിന് പിന്നാലെ കാലിയായ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തിനായി അടി തുടങ്ങി ഗ്രൂപ്പുകളും നേതാക്കളും. തങ്ങൾ പിന്തുണക്കുന്ന വ്യക്തിക്കായി ഗ്രൂപ്പ് നീക്കം സജീവമാണ്. തങ്ങൾക്ക് ഒപ്പം നിൽക്കുന്നവർക്കായി മുതിർന്ന നേതാക്കൾ കളത്തിൽ ഇറങ്ങി കളിക്കുന്നുണ്ട്. അബിൻ വർക്കി, ജെഎസ് അഖിൽ, കെ എം അഭിജിത്ത്, ബിനു ചുള്ളിയിൽ എന്നിവർക്ക് വേണ്ടിയാണ് ചേരിതിരിഞ്ഞുള്ള നീക്കങ്ങൾ.

അഭിജിത്തിനും അഖിലിനുമായി എ വിഭാഗം ചടുലനീക്കങ്ങൾ നടത്തുമ്പോൾ, ബിനു ചുള്ളിയിലിനായി കെ സി പക്ഷമാണ് രംഗത്തുള്ളത്. അബിൻ വർക്കിക്കായി രമേശ് ചെന്നിത്തലയും കളത്തിലിറങ്ങിയിട്ടുണ്ട്.

രാഹുൽ മാങ്കൂട്ടത്തിൽ വരുത്തിവച്ച വിവാദങ്ങളിൽ പൂർണ്ണമായി പ്രതിരോധത്തിലായിരിക്കുകയാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വം. ഉയർന്നു വന്ന വിവാദങ്ങളിലും പരാതികളിലും രാഹുലിനെ സതീശൻ അടക്കമുള്ള നേതാക്കൾ സംരക്ഷിക്കാൻ ശ്രമിച്ചതിലും എഐസിസി നേതൃത്വത്തിനും അതൃപ്തിയുണ്ട്. അതേസമയം, വിഷയത്തിൽ അന്വേഷണത്തിന് കോൺഗ്രസ് സമിതി രൂപീകരിച്ചിട്ടുണ്ട്. രാഹുലിനെതിരായ ആരോപണങ്ങൾ സമിതി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കും.

രാഹുൽ എംഎൽഎ സ്ഥാനവും രാജിവെക്കണമെന്ന് മുതിർന്ന നേതാക്കൾക്കിടയിൽ ശക്തമായ ആവശ്യമുയർന്നിട്ടുണ്ട്. എന്നാൽ സംഘടനാപരമായ നടപടി മാത്രം മതിയെന്നാണ് സതീശൻ അനുകൂലികളുടെ നിലപാട്. തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തിനിൽക്കെ പാർട്ടിയെയും യുഡിഎഫിനെയും രാഹുൽ – ഷാഫി – സതീശൻ കോക്കസ് പ്രതിസന്ധിയിലാക്കി എന്ന വിമർശനമാണ് മുതിർന്ന നേതാക്കൾ ഉന്നയിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button