പ്രകൃതി ദുരന്തങ്ങളിൽ പെടുന്ന ആദിവാസികൾക്ക് കൈത്താങ്ങ്; രക്ഷാപ്രവർത്തനത്തിനായി പ്രത്യേകം പരിശീലനം ലഭിച്ച സിവിൽ ഡിഫൻസ് ഫോഴ്സുകൾ ഒരുങ്ങുന്നു

പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ആദിവാസി ഉന്നതികളിൽ രക്ഷാപ്രവർത്തനത്തിനായി പ്രത്യേകം പരിശീലനം ലഭിച്ച സിവിൽ ഡിഫൻസ് ഫോഴ്സുകൾ രൂപീകരിക്കുന്നു. വനമേഖലക്കുള്ളിൽ രക്ഷാപ്രവർത്തകർ എത്താൻ വൈകുന്നത് കണക്കിലെടുത്താണ് നടപടി. പ്രകൃതിക്ഷോഭങ്ങളെ നേരിടാൻ ആദിവാസി ജനവിഭാഗത്തെ സജ്ജമാക്കുകയാണ് ലക്ഷ്യം.
വനമേഖലക്കുള്ളിലെ ആദിവാസി ഉന്നതികളിലുണ്ടാകുന്ന മണ്ണിടിച്ചിൽ പോലുള്ള പ്രകൃതിദുരന്തങ്ങളിൽ രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമായ പശ്ചാത്തലത്തിലാണ് സർക്കാർ ബദൽ മാർഗ്ഗം തേടുന്നത്. ഫയർഫോഴ്സ് പോലുള്ള സർക്കാർ സംവിധാനങ്ങൾക്ക് വേഗതയിൽ സ്ഥലത്തെത്താൻ കഴിയാത്ത സാഹചര്യം പ്രതിസന്ധിയാണ്. ഇതിനൊരു പരിഹാരമായാണ് ആദിവാസി ഊന്നതികളിൽ സിവിൽ ഡിഫൻസ് ഫോഴ്സ് രൂപീകരിക്കുന്നത്. ആദ്യപടിയായി എറണാകുളം ജില്ലയിലെ പൂയംകുട്ടി വനാന്തരത്തിലെ ആദിവാസി ഉന്നതികളിൽ അടിയന്തര സാഹചര്യങ്ങളുണ്ടായാൽ രക്ഷാപ്രവർത്തനം നടത്തുന്നതിന് പ്രത്യേക സംഘത്തെ സജ്ജമാക്കി.
കോതമംഗലം ഫയർ സ്റ്റേഷന്റെ നേതൃത്വത്തിലാണ് പദ്ധതി തയ്യാറാക്കിയത്. ഉന്നതികളിലെ നൂറോളം പേരെ സിവിൽ ഡിഫൻസ് യൂണിറ്റിന്റെ ഭാഗമാക്കി ആവശ്യമായ പരിശീലനം നൽകി. വാരിയം, കുഞ്ചിപ്പാറ, തലവച്ചപാറ, തേര തുടങ്ങിയ ഉന്നതികളേയും കല്ലേലിമേടിനെയും ഉൾപ്പെടുത്തിയാണ് പദ്ധതി. ഈ പ്രദേശങ്ങളിൽ ദുരന്തങ്ങളോ അപകടങ്ങളോ ഉണ്ടായാൽ പുറമെയുള്ള രക്ഷാപ്രവർത്തകർ എത്തിച്ചേരാൻ ഏറെ സമയമെടുക്കുന്ന സാഹചര്യത്തിലാണ് പ്രദേശവാസികൾക്ക് പരിശീലനം നൽകിയത്. . ഫയർഫോഴ്സിന്റെ ട്രെയിനിംഗ് സെന്ററുകൾക്ക് പുറത്ത് പരിശീലനം നൽകുന്നത് സംസ്ഥാനത്ത് ആദ്യമാണ്. പദ്ധതി മറ്റ് ആദിവാസി ഉന്നതികളിലേക്കും ഉടൻ വ്യാപിപ്പിക്കും.




