Uncategorized

കലങ്ങി മറിയുന്ന കത്തും കണ്ണൂര്‍ സിപിഐഎമ്മിലെ കുത്തും

സിപിഐഎമ്മിന്റെ രാജ്യത്തെ ഏറ്റവും പ്രധാന ഘടകങ്ങളിലൊന്നാണ് കണ്ണൂര്‍. പാര്‍ട്ടിയെ നയിക്കാനെത്തുന്നതും കണ്ണൂരില്‍ നിന്നുള്ള നേതാക്കളായിരുന്നു. വി എസ് അച്ചുതാനന്ദന്‍ ഒഴികെ പാര്‍ട്ടിയെ എല്ലാകാലത്തും നയിച്ചത് കണ്ണൂര്‍ സഖാക്കളായിരുന്നു. ഇകെ നായനാരും, ചടയന്‍ ഗോവിന്ദനും, പിണറായി വിജയനും, കോടിയേരി ബാലകൃഷ്ണനും കണ്ണൂരില്‍ നിന്നുള്ളവരായിരുന്നു. കോടിയേരിയുടെ വിടവാങ്ങലിന് ശേഷം പാര്‍ട്ടി സെക്രട്ടറിയായതും കണ്ണൂരുകാരനായ എം വി ഗോവിന്ദനായിരുന്നു.

മുതിര്‍ന്ന നേതാവും കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്ന ഇപി ജയരാജന്‍ സംസ്ഥാന സെക്രട്ടറിയാവുമെന്നായിരുന്നു കരുതിയിരുന്നത്, അല്ലെങ്കില്‍ ഇപി ജയരാജനും അദ്ദേഹത്തിന്റെ ആരാധകരും ആഗ്രഹിച്ചിരുന്നത്. കോടിയേരി ബാലകൃഷ്ണന്‍ ആരോഗ്യകാരണങ്ങളാല്‍ അവധിയില്‍ പ്രവേശിച്ചപ്പോള്‍ താത്കാലിക സെക്രട്ടറിയായി അന്നത്തെ എല്‍ഡിഎഫ് കണ്‍വീനറായിരുന്ന എ വിജയരാഘവന്‍ എത്തി. പിന്നീട് പാര്‍ട്ടി സെക്രട്ടറിയായി എം വി ഗോവിന്ദനെ തിരഞ്ഞെടുത്തു. ഇതോടെയാണ് ഇപി പാര്‍ട്ടിയുമായി അകലുന്നത്.

തളിപ്പറമ്പില്‍ നിന്നും നിയമസഭാംഗമായ എംവി ഗോവിന്ദന്‍ രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിയുമായിരുന്നു. ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിയായിരുന്നു ഇപി ജയരാജന്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മട്ടന്നൂരില്‍ നിന്നും മത്സരിക്കാന്‍ ഇപിക്ക് താത്പര്യമുണ്ടായിരുന്നുവെങ്കിലും സീറ്റ് നിഷേധിച്ചു. പകരം മട്ടന്നൂര്‍ സീറ്റില്‍ കെകെ ശൈലജ മത്സരിച്ചു. മത്സരരംഗത്ത് നിന്നും മാറ്റി നിര്‍ത്തിയതില്‍ ഏറെ രോഷാകുലനായിരുന്നു ഇപി. എന്നാല്‍, ബന്ധുനിയമനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദവും, മന്ത്രിസ്ഥാനത്ത് നിന്ന് മാറി നില്‍ക്കേണ്ടിവന്നതും മറ്റും പാര്‍ട്ടിയില്‍ ഇപി വിരുദ്ധ ഗ്രൂപ്പിന് മേല്‍ക്കൈ നേടാന്‍ സഹായകമായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button