സംസ്ഥാനത്ത് നദിക്കു കുറുകെയുള്ള ഏറ്റവും നീളം കൂടിയ പാലം, അമ്പൂരിക്കാരുടെ അര നൂറ്റാണ്ട് കാലത്തെ സ്വപ്നം; കുമ്പിച്ചൽക്കടവ് പാലം ഉദ്ഘാടനത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു നദിക്കു കുറുകേ നിർമിക്കുന്ന ഏറ്റവും നീളം കൂടിയതും വലിപ്പമുള്ളതുമായ അമ്പൂരിയിലെ കുമ്പിച്ചൽക്കടവ് പാലം ഉദ്ഘാടനത്തിലേക്ക്. അമ്പൂരിയിൽ ഒറ്റപ്പെട്ടുപോയ ആദിവാസി മേഖലയിലെ അടിസ്ഥാന ജനവിഭാഗങ്ങളെ ജീവിതത്തിന്‍റെ മുഖ്യധാരയിലേക്ക് അടുപ്പിക്കുന്നതാണ് കുമ്പിച്ചൽക്കടവ് പാലം. സംസ്ഥാനത്ത് ഒരു നദിക്കു കുറുകേ നിർമ്മിക്കുന്ന ഏറ്റവും നീളം കൂടിയതും വലിപ്പമുള്ളതുമായ പാലമാണിത്. കിഫ്ബി ഫണ്ടിൽ നിന്ന് 24 കോടി 71 ലക്ഷം രൂപ ചെലവിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്.
അമ്പൂരിയിലെ ആദിവാസി ഊരുകളിൽ നിന്ന് ഉപ്പ് മുതൽ കർപ്പൂരം വരെ എന്ത് വാങ്ങണമെങ്കിലും കടത്തുകടന്ന് മായത്തോ അമ്പൂരിയിലോ എത്തണം. മഴയായാലും വെയിലായാലും, കാറ്റായാലും വള്ളം മാത്രമായിരുന്നു ഇതുവരെ ആശ്രയം. കുട്ടികൾക്ക് സ്‌കൂളിലെത്താനും ഇത് തന്നെയാണ് ശരണം. ഗർഭിണിയായ ഒരു സ്ത്രീക്ക് രാത്രിയിൽ പ്രസവ വേദന വന്നാൽ, ആരെയെങ്കിലും രാത്രിയിൽ പാമ്പ് കടിച്ചാൽ, ഏതെങ്കിലും കുഞ്ഞിന് അസുഖം മൂർച്ഛിച്ചാൽ വിധിയുടെ കാരുണ്യം മാത്രമായിരുന്നു ആശ്രയം.
ദുരിതങ്ങളുടെ ഈ പരമ്പരയ്ക്ക് അറുതി വരുത്താനുള്ള ഏകമാർഗം കരിപ്പയാറിന് കുറുകെ കുമ്പിച്ചൽ കടവിൽ ഒരു പാലം നിർമിക്കുക എന്നതായിരുന്നു. 1990ൽ പ്രദേശവാസികൾ പ്ലാനിങ് ബോർഡിനെ സമീപിച്ചതിന് പിന്നാലെ തുടങ്ങിയ ചർച്ചകളും പ്രവർത്തനങ്ങളും ഒടുവിൽ സി കെ ഹരീന്ദ്രൻ എംഎൽഎ ആയി വന്നതിന് പിന്നാലെ സംസ്ഥാന ബജറ്റിലും ഇടം നേടി. ദുരിതങ്ങൾക്ക് പ്രതിവിധിയായി വർഷങ്ങൾക്കിപ്പുറം ഇരുകരകളേയും കൂട്ടിമുട്ടിക്കുന്ന പാലം എന്ന യാഥാർഥ്യത്തിലെത്തി നിൽക്കുകയാണ്. പണി പൂർത്തിയായ പാലത്തിന്‍റെ ഉദ്ഘാടനം താമസിയാതെ നടക്കും.




