ക്ലാരയെ മഴയുടെ കുളിരാക്കിയ, നായികയെ ഗന്ധര്‍വ വീണയാക്കിയ മാന്ത്രികന്‍; പാട്ടുകളുടെ പ്രപഞ്ചം ബാക്കിയാക്കി ജോണ്‍സണ്‍ വിട്ടുപിരിഞ്ഞിട്ട് 14 വര്‍ഷം

സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാഷ് നമ്മെ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് 14 വര്‍ഷം. പാട്ടുകളുടെ ഒരു പ്രപഞ്ചം തന്നെ ബാക്കിയാക്കിയാണ് ജോണ്‍സണ്‍ യാത്രയായത്. ജോണ്‍സണ്‍ മാഷില്ലാതെ മലയാളികള്‍ക്ക് ഒരു ജീവിതം ജീവിച്ചു തീര്‍ക്കാന്‍ സാധിക്കില്ല. സന്തോഷത്തിലും ദുഖത്തിലും ജോണ്‍സണ്‍മാഷിന്റെ ഏതെങ്കിലും ഒരു പാട്ട് നമുക്കൊപ്പമുണ്ടാകും.
തൃശ്ശൂര്‍ നെല്ലിക്കുന്ന സ്വദേശിയാണ് ജോണ്‍സണ്‍. അതുല്യ സംഗീതജ്ഞന്‍ ജി ദേവരാജന്റെ ശിഷ്യനായാണ് ജോണ്‍സന്റെ തുടക്കം. ഹാര്‍മോണിയത്തോടും ഗിറ്റാറിനോടുമാടിരുന്നു പ്രിയം. ആരവം എന്ന ഭരതന്‍ സിനിമയിലൂടെയാണ് ജോണ്‍സണ്‍ സിനിമാലോകത്തേക്കെത്തുന്നത്. നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, തൂവാനത്തുമ്പികള്‍, ഞാന്‍ ഗന്ധര്‍വന്‍ എന്നിങ്ങനെ പതിനേഴോളം പത്മരാജന്‍ സിനിമകള്‍ക്ക് അദ്ദേഹം സംഗീതം നല്‍കിയിട്ടുണ്ട്. ഭരതന്‍, സത്യന്‍ അന്തിക്കാട്, കമല്‍, ലോഹിതദാസ് എന്നിവരുടെ സിനിമകളും ജോണ്‍സണ്‍ ടച്ചുള്ളവയാണ്.




