തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഈ മാസം 30 വരെ അവധിയില്ല, തുറന്നു പ്രവര്‍ത്തിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദ്ദേശം

തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങള്‍ ഈ മാസം 30 വരെ എല്ലാ ദിവസവും തുറന്നു പ്രവർത്തിക്കും.
ഈ ദിവസങ്ങളില്‍ അവധി ഒഴിവാക്കി തുറന്നു പ്രവർത്തിക്കണമെന്ന് ഗ്രാമ പഞ്ചായത്തുകള്‍ക്കും നഗരസഭാ ഓഫീസുകള്‍ക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശം നല്‍കി.
ഈ മാസം 30ന് തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. വോട്ടർപട്ടികയില്‍ പേരു ചേർക്കാൻ അപേക്ഷ നല്‍കിയവരുടെ ഹിയറിംഗിനും മറ്റു ജോലികള്‍ക്കുമായാണ് അവധി ഒഴിവാക്കാനുള്ള നിർദ്ദേശം. ജൂലായ് 31ന് പുറത്തിറക്കിയ കരട് വോട്ടർപട്ടികയില്‍ പുതുതായി പേരു ചേർക്കാൻ 29.81 ലക്ഷത്തിലധികം അപേക്ഷകളാണ് ലഭിച്ചത്. തിരുത്തല്‍, സ്ഥാന മാറ്റം, പേര് ഒഴിവാക്കല്‍ അടക്കം 35.98 ലക്ഷം അപേക്ഷകളാണ് ആകെ സമർപ്പിച്ചത്. അന്യസംസ്ഥാന തൊഴിലാളികള്‍ അടക്കം വോട്ടർപട്ടികയില്‍ പേര് ചേർക്കാൻ അപേക്ഷ നല്‍കിയിരുന്നു എന്നതാണ് ശ്രദ്ധേയം.




