Uncategorized

അന്ന് മൃതദേഹം വിട്ടുകിട്ടാൻ നിർധന കുടുംബത്തിന് വള ഊരി നൽകി, ഇന്ന് ആംബുലൻസിന് വഴിയൊരുക്കാനായി ഓട്ടം; മനുഷ്യ സ്നേഹത്തിൻ്റെ മറുവാക്ക് കൂടിയാണ് അപർണ

രൂക്ഷമായ ​ഗതാ​ഗതക്കുരുക്കിനിടെ ​രോ​ഗിയുമായി വന്ന ആംബുലൻസിന് വഴിയൊരുക്കി നൽകാൻ ഓടിയ ഒരു പൊലീസുകാരിയാണ് ഇന്ന് സോഷ്യൽ മിഡിയയിലെ താരം. ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിൽ കേരള പൊലീസ് പങ്കുവെച്ച ദൃശ്യങ്ങളിലൂടെയാണ് വനിതാ അസി. സബ് ഇൻസ്പെക്ടർ അപർണ ലവകുമാർ വീണ്ടും ചർച്ചയാവുന്നത്. വേദനിക്കുന്ന മനുഷ്യർക്കായുള്ള അപർണയുടെ ഈ ഓട്ടം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.

ചികിത്സയ്ക്കിടെ മരിച്ച സ്ത്രീയുടെ മൃതദേഹം വിട്ടുകിട്ടാൻ പണമില്ലാതെ നിന്ന കുടുംബത്തിന് മറ്റൊന്നും ആലോചിക്കാതെ വള ഊരി നൽകിയ, കാൻസർ രോഗികൾക്ക് വിഗ് ഉണ്ടാക്കി നൽകുന്നതിനായി തന്റെ മുടി മുഴുവനായി മുറിച്ചുനൽകിയ അപർണയെ അത്രപ്പെട്ടന്ന് മലയാളിക്ക് മറക്കാൻ കഴിയില്ല.

2002ലാണ് അപർണ കേരളാ പൊലീസിലെത്തുന്നത്‌. തുടർന്നുള്ള പൊലീസ് ജീവിതം അപർണയ്ക്ക് യാഥാർഥ പൊതു സേവനത്തിൻ്റേത് തന്നെയായിരുന്നു. 2009 ലാണ് അപർണ ആദ്യമായി വാർത്തകളിൽ നിറയുന്നത്. അന്നായിരുന്നു അപർണയെന്ന മനുഷ്യ സ്നേഹത്തെ കേരളം ആദ്യമായി അറിയുന്നത്.. അനുഭവിക്കുന്നത്.

2008ൽ ബന്ധുവിന്റെ ക്രൂരമായ മർദനമേറ്റ് ചികിത്സയിരിക്കെ മരിച്ച ഒരു സ്ത്രീയുടെ ഇൻക്വസ്റ്റ് നടപടികൾക്കായി എത്തിയപ്പോഴാണ് അപർണ ആ നിർധന കുടുംബത്തിൻ്റെ അവസ്ഥ മനസിലാക്കുന്നത്. മൃതദേഹം വിട്ടുകിട്ടാൻ ബില്ലടയ്ക്കാൻ പണമില്ലാതെ നിന്ന കുടുംബത്തിന് മറ്റൊന്നും ആലോചിക്കാതെ അപർണ തൻ്റെ മൂന്ന് സ്വർണവളകൾ ഊരി നൽകി. അന്ന് അവർക്കുമുന്നിൽ അപർണ വച്ചുനീട്ടിയതിൻ്റെ പേരുകൂടിയാണ് മനുഷ്യ സ്നേഹം.

പൊലീസിലേക്കു സിലക്‌ഷൻ കിട്ടിയപ്പോൾ അപർണയ്ക്കുണ്ടായ ഏക വിഷമം നീണ്ട മുടി മുറിച്ചു കളയേണ്ടി വരുമോ എന്നായിരുന്നു. അത്രയ്ക്ക് പ്രിയപ്പെട്ടതായിരുന്നു അപർണയ്ക്ക് തൻ്റെ മുടി. എന്നാൽ പിന്നീടൊരിക്കൽ ക്യാൻസർ ബാധിച്ചവർക്കു വേണ്ടി അതും വേണ്ടെന്ന് വെച്ച അപർണ വീണ്ടും നമ്മളെ വിസ്മയപ്പെടുത്തി. സാമ്പത്തികമായി സഹായിക്കാൻ കഴിയാത്തതിനാലാണ് അങ്ങനെ ചെയ്തതെന്നും ഡിഐജിയുടെ പ്രത്യേക അനുമതി വാങ്ങിയാണ് മുടി മുറിച്ചതെന്നും അപർണ തന്നെ അതിനെപ്പറ്റി പറഞ്ഞിട്ടുണ്ട്.

കഴിഞ്ഞദിവസം, തൃശൂർ അശ്വിനി ജങ്ഷനിൽ ഗതാഗതക്കുരുക്കിൽ കുടുങ്ങിയ ആംബുലൻസിന് വഴിയൊരുക്കിയാണ് അപർണ വീണ്ടും മനുഷ്യ മനുസുകളിലേക്ക് ഓടിക്കയറിയത്. അത്യാസന്ന നിലയിലായ രോഗിയുമായി തൃശൂർ ദിശയിൽ നിന്നു മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു പോകുകയായിരുന്നു ആംബുലൻസ്.

ഗതാഗതക്കുരുക്കു പതിവായ അശ്വിനി ജങ്ഷനിൽ എത്തിയതും വാഹനങ്ങൾക്കിടയിൽ പെട്ട് ആംബുലൻസിന് അനങ്ങാൻ കഴിയാതെയായി. പിന്നാലെ ഓടിയെത്തിയ അപർണ മുന്നിലുള്ള വാഹനങ്ങൾ നീക്കിയത് ഏറെ പണിപ്പെട്ടാണ്. ആംബുലൻസ് ഡ്രൈവർക്കൊപ്പമുണ്ടായ വ്യക്തി പകർത്തിയ ദൃശ്യമാണ് പൊലീസിന്റെ ഔദ്യോഗിക പേജിലടക്കം തരം​ഗമായത്. മനുഷ്യ സ്നേഹത്തിൻ്റെ ഓട്ടങ്ങൾ ഒരിക്കലും അവസാനിക്കുന്നില്ലെന്ന് പറഞ്ഞുവെയ്ക്കുക കൂടിയാണ് അപർണ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button