ഗാസയിലെ ജനങ്ങൾ മുഴു പട്ടിണിയിൽ; ഇസ്രയേലിനെതിരെ പ്രതികരിക്കാത്ത മോദി സർക്കാരിനെ വിമർശിച്ച് എം വി ഗോവിന്ദൻ

കൊച്ചി: ഗാസയിലെ ജനങ്ങൾ മുഴു പട്ടിണിയിലാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഭക്ഷണത്തിനും കുടിവെള്ളത്തിനുമായി കൈനീട്ടുന്നവരെപ്പോലും ബോംബിട്ടും വെടിവച്ചും കൊല്ലുന്ന ക്രൂരതയുടെ പേരാണ് ഇസ്രയേൽ എന്നും എം വി ഗോവിന്ദൻ വിമർശിച്ചു. ഇസ്രയേലിൻ്റെ ക്രൂരതയ്ക്കെതിരെ ഒരക്ഷരം ഉരിയാടാൻ ഇന്ത്യ തയ്യാറായിട്ടില്ലെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി. ചേരിചേരാനയം പൂർണമായും ഉപേക്ഷിച്ച് പലസ്തീൻ ജനതയെ വംശഹത്യക്ക് വിധേയമാക്കുന്ന ഇസ്രയേൽ– അമേരിക്കൻ കൂട്ടുകെട്ടിനൊപ്പം നിലയുറപ്പിച്ചിരിക്കുകയാണ് മോദി സർക്കാർ എന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് എം വി ഗോവിന്ദൻ വിമർശനം ഉന്നയിച്ചിരിക്കുന്നത്.
പാശ്ചാത്യ മാധ്യമങ്ങൾ ഗാസയിലെ പട്ടിണിയെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയിട്ടും ഇസ്രയേൽ രൂപീകരണത്തിനായി മുഖ്യപങ്ക് വഹിച്ച പാശ്ചാത്യ രാജ്യങ്ങൾ പലസ്തീനെ അംഗീകരിക്കാൻ തയ്യാറായിട്ടും ഇന്ത്യ ഒരക്ഷരം ഉരിയാടാൻ തയ്യാറായിട്ടില്ലെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി. ‘ഭക്ഷ്യവസ്തുക്കളും കുടിവെള്ളവും നൽകുന്നത് തടയരുതെന്ന് സുഹൃത്തായ ബെന്യാമിൻ നെതന്യാഹുവിനോട് പറയാൻ മോദിക്ക് നാവ് പൊങ്ങിയിട്ടില്ല. യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ഭക്ഷ്യസാധനങ്ങൾ അനുവദിക്കണമെന്ന് പറഞ്ഞത് മാത്രമാണ് ഇന്ത്യയുടെ ഭാഗത്തുനിന്നുയർന്ന ഏകശബ്ദം. ഉപാധികളൊന്നുമില്ലാതെ ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് യുഎൻ ജനറൽ അസംബ്ലിയിൽ വന്ന പ്രമേയത്തെ അനുകൂലിക്കാൻ ഇന്ത്യ തയ്യാറായില്ല. ഗാസയിലെ ഇസ്രയേൽ അധിനിവേശത്തെ ഇതുവരെ അപലപിക്കാനും ഇന്ത്യ തയ്യാറായിട്ടില്ല. ആർഎസ്എസും ബിജെപിയും പറയുന്നതുപോലെ ഇസ്രയേൽ നടത്തുന്നത് മുസ്ലിം ഭീകരവാദത്തിനെതിരെയുള്ള യുദ്ധമാണെന്നാണ് ഇന്ത്യൻ സർക്കാരിന്റെയും നയമെന്ന് വ്യക്തം. ഹിന്ദുത്വവും സയണിസവും വേർപെടുത്താൻ കഴിയാത്ത വിധം ഒന്നാകുന്ന കാഴ്ചയാണ് ദൃശ്യമാകുന്ന’തെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി.




