Uncategorized

തൊഴിലാളികള്‍ക്കുള്ള ബോണസ് വിതരണവും മറ്റ് ആനുകൂല്യങ്ങളും ഓണത്തിന് മുമ്പ് വിതരണം ചെയ്യും

തൊഴിലാളികള്‍ക്കുള്ള ഓണക്കാലത്തെ ബോണസ് വിതരണവും മറ്റ് ആനുകൂല്യങ്ങളും ഓണത്തിന് മുമ്പ് വിതരണം ചെയ്യും. മന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ട്രേഡ് യൂണിയന്‍ നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. ഈ വര്‍ഷത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ബോണസ് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കുമെന്ന് മന്ത്രി അറിയിച്ചു.

കയര്‍, കശുവണ്ടി മേഖലകളിലെ തൊഴിലാളികള്‍ക്കുള്ള ബോണസ് നിശ്ചയിക്കുന്നതിനായി അതാത് വ്യവസായ ബന്ധ സമിതികളുടെ യോഗം അടിയന്തരമായി വിളിച്ചുചേര്‍ക്കാന്‍ ലേബര്‍ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബോണസ് വിതരണവുമായി ബന്ധപ്പെട്ട് ഉണ്ടാകാന്‍ സാധ്യതയുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി തൊഴില്‍ വകുപ്പ്, ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലെ തീരുമാനങ്ങള്‍ക്കനുസരിച്ച് ലേബര്‍ കമ്മീഷണര്‍ ഇനി പറയുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

ബോണസ് ആക്ട് ബാധകമായ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് അര്‍ഹമായ ബോണസ് ലഭിക്കുന്നുണ്ടെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ ഉറപ്പുവരുത്തണം.
തര്‍ക്കങ്ങളിൽ അടിയന്തരമായി ചര്‍ച്ചകള്‍ സംഘടിപ്പിച്ച് പരിഹാരം കാണണം.
ജില്ലാ ലേബര്‍ ഓഫീസര്‍തലത്തില്‍ പരമാവധി മൂന്ന് ചര്‍ച്ചകള്‍ രണ്ട് ദിവസത്തെ ഇടവേളകളില്‍ നടത്തി തര്‍ക്കങ്ങള്‍ പരിഹരിക്കണം.
ജില്ലാ ലേബര്‍ ഓഫീസര്‍ തലത്തില്‍ പരിഹരിക്കാന്‍ കഴിയാത്തവ റീജിയണല്‍ ലേബര്‍ കമ്മീഷണര്‍ക്കും അവിടെയും പരിഹരിക്കാന്‍ കഴിയാത്തവ ലേബര്‍ കമ്മീഷണര്‍ക്കും കൈമാറണം.
ഉദ്യോഗസ്ഥര്‍ കൈക്കൊള്ളുന്ന എല്ലാ നടപടികളും ലേബര്‍ കമ്മീഷണറേറ്റിലെ ഡാറ്റാബേസില്‍ അപ്പപ്പോള്‍ തന്നെ അപ്ലോഡ് ചെയ്യണം.
ബോണസിന് പുറമെ, ഈ ഓണക്കാലത്ത് തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട മറ്റ് ആനുകൂല്യങ്ങളും ഉറപ്പാക്കാനുള്ള നടപടികള്‍ തൊഴില്‍ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്.

പൂട്ടിക്കിടക്കുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കുള്ള എക്സ് ഗ്രേഷ്യാ, പരമ്പരാഗത മേഖലകളിലെ തൊഴിലാളികള്‍ക്കുള്ള ഇന്‍കം സപ്പോര്‍ട്ട് സ്‌കീം വഴി ലഭിക്കുന്ന ആനുകൂല്യങ്ങള്‍ എന്നിവയ്ക്കുള്ള ഫയലുകള്‍ ധന വകുപ്പിന് കൈമാറിയിട്ടുണ്ട്.
പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന 2,000 രൂപ എക്സ് ഗ്രേഷ്യാ ധനസഹായവും 10 കിലോഗ്രാം അരി വിതരണവും സംബന്ധിച്ച ഫയലുകളും ധന വകുപ്പിന് കൈമാറി.
പൂട്ടിക്കിടക്കുന്ന കമ്പനികളിലെയും എസ്റ്റേറ്റുകളിലെയും തൊഴിലാളികള്‍ക്ക് 2,000 രൂപ വീതം നല്‍കുന്നതിനുള്ള ഫയലും പൂട്ടിക്കിടക്കുന്ന തോട്ടം തൊഴിലാളികള്‍ക്കുള്ള ഓണക്കിറ്റും ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണ്.
ഈ ആനുകൂല്യങ്ങളെല്ലാം ഓണത്തിന് മുന്‍പ് തൊഴിലാളികള്‍ക്ക് ലഭിക്കുന്നതിനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ തൊഴില്‍ വകുപ്പ് സെക്രട്ടറിയ്ക്ക് നിര്‍ദേശം നല്‍കി. ഈ ഓണക്കാലത്ത് തൊഴില്‍ തര്‍ക്കങ്ങള്‍ പരമാവധി ഒഴിവാക്കി സൗഹാര്‍ദപരമായ അന്തരീക്ഷത്തില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ട്രേഡ് യൂണിയനുകളുടെ പൂര്‍ണ സഹകരണം ഉണ്ടാകണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു.

യോഗത്തില്‍ ലേബര്‍ സ്‌പെഷ്യല്‍ സെക്രട്ടറിയായി നിയോഗിക്കപ്പെട്ട ഷാനവാസ് എസ് ഐ എ എസ്, ലേബര്‍ കമ്മീഷണര്‍ ഷഫ്ന നസുറുദ്ധീന്‍, അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ സുനില്‍ കെ എം എന്നിവര്‍ക്ക് പുറമേ ട്രേഡ് യൂണിയന്‍ നേതാക്കളായ എളമരം കരീം, ടി പി രാമകൃഷ്ണന്‍, ആര്‍ ചന്ദ്രശേഖരന്‍, അഡ്വ. സജിലാല്‍, ബാബു ദിവാകരന്‍, ടോമി മാത്യു, കവടിയാര്‍ ധര്‍മന്‍, ഗോപകുമാര്‍, മഹീന്‍ അബൂബക്കര്‍ തുടങ്ങിയ തൊഴിലാളി നേതാക്കളും പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button