പെട്ടിമുടി ദുരന്ത ഓർമ്മയ്ക്ക് അഞ്ചു വയസ്സ് തികയുമ്പോഴും വാഗ്ദാനം മാത്രമായി പ്രധാനമന്ത്രി പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപ

പെട്ടിമുടി ദുരന്ത ഓർമയ്ക്ക് അഞ്ചു വയസ്സ് തികയുമ്പോഴും പ്രധാനമന്ത്രി പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപ ദുരന്തബാധിതർക്ക് ഇനിയും കൊടുത്തിട്ടില്ല. ജില്ലാ ഭരണകൂടം വഴി കേന്ദ്രസർക്കാർ കൊടുക്കും എന്ന് പറഞ്ഞ പണമാണ് ഇതുവരെ കൊടുക്കാത്തത്. സംസ്ഥാന സർക്കാർ മരിച്ച 70 പേരുടെയും കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം നൽകിയിരുന്നു. പ്രത്യേക മന്ത്രിസഭ യോഗ തീരുമാനപ്രകാരം ഇനിയും കണ്ടെത്താനാവാത്ത നാലുപേരുടെ ഉൾപ്പെടെയുള്ള കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം നൽകിയത്.
പെട്ടിമുടി ദുരന്തത്തെ അതിജീവിച്ച കുടുംബങ്ങൾക്ക് കുട്ടിയാർ വാലിയിലാണ് വീടുവച്ച് നൽകിയത്. ഇതുകൂടാതെ തോട്ടം തൊഴിലാളികളായ ഇവർക്ക് ജോലിക്ക് എത്താനുള്ള സൗകര്യത്തിനായി രാജമലയിൽ ഇവർ ആവശ്യപ്പെട്ട സ്ഥലത്ത് തന്നെ എസ്റ്റേറ്റ് ലയങ്ങളും അനുവദിച്ചു.
തമിഴ്നാട് ആയി ബന്ധമുള്ളവർക്ക് തമിഴ്നാട് സർക്കാർ മൂന്നുലക്ഷം രൂപ വീതം നൽകിയിരുന്നു.ദുരന്തബാധിതർക്ക് കുട്ടിയാർ വാലിയിൽ വീടുവെച്ചു നൽകി. എന്നാൽ അഞ്ച് വർഷം കഴിയുമ്പോഴും പ്രധാനമന്ത്രി പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപ ഇപ്പോഴും കാണാമറയത്താണ്.
കണ്ണൻ ദേവൻ കമ്പനിയുടെ ഉടമസ്ഥതയിലുള്ള രാജമല എസ്റ്റേറ്റ്. കോവിഡ് മഹാമാരിയുടെ കാലമായിരുന്നതിനാൽ മറ്റു സ്ഥലങ്ങളിൽ പഠിക്കാനായി പോയിരുന്ന ചില വിദ്യാർത്ഥികൾ ഒഴിച്ച് കുടുംബാംഗങ്ങളെല്ലാം എസ്റ്റേറ്റ് ലയങ്ങളിൽ ഉണ്ടായിരുന്നു. ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നതിനാൽ ഭൂരിഭാഗം പേരും നേരത്തെ ഉറക്കം പിടിച്ചു. രാത്രി 10.45നു ശേഷമാണ് ഉരുൾപൊട്ടൽ ഉണ്ടാവുന്നത്. പുലർച്ചയാണ് ദുരന്തവാർത്ത പുറംലോകം അറിഞ്ഞത്.
സംസ്ഥാന സർക്കാരിന്റെ മിഷനറി ഒന്നാകെ രംഗത്തിറങ്ങി. 66 പേരുടെ മൃതശരീരം കണ്ടെത്തി. നാലുപേരുടെ ശരീരം ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കോവിഡ് അതിന്റെ തീവ്രതയിൽ നിൽക്കുന്ന സമയമായിട്ടു പോലും മുഖ്യമന്ത്രിയടക്കം സംഭവസ്ഥലത്ത് എത്തി.




