Uncategorized

ദിയാ കൃഷ്ണ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേട്: ജീവനക്കാരികൾ പ്രതിദിനം തട്ടിയത് ഒന്നര ലക്ഷത്തിലധികം രൂപ; മൊഴിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

ദിയാ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേടില്‍ പ്രതികളുടെ മൊഴിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ക്യുആര്‍ കോഡ് വഴി ജീവനക്കാരികള്‍ പ്രതിദിനം തട്ടിയത് ഒന്നര ലക്ഷത്തിലധികം രൂപ. തട്ടിയെടുത്ത തുക ഉപയോഗിച്ച് സ്വര്‍ണവും വാഹനങ്ങളും വാങ്ങിയെന്നും മൊഴി. സ്‌കൂട്ടര്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

സ്വര്‍ണം പണയം വെച്ചെന്നും മൊഴി. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലാണ് സ്വര്‍ണം പണയം വെച്ചത്. ഈ സ്വര്‍ണം കണ്ടുകെട്ടാനുള്ള നീക്കത്തിലാണ് പൊലീസ്. ഇതുസംബന്ധിച്ച് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.

ക്യുആര്‍ കോഡ് ഉപയോഗിച്ച് ജീവനക്കാരികള്‍ തട്ടിയെടുത്ത പണം കൊണ്ട് സ്വര്‍ണവും വാഹനവും വാങ്ങിയെന്ന് നേരത്തെ തന്നെ പ്രതികള്‍ മൊഴി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം പ്രതികളായ വിനീത, രാധാകുമാരി എന്നിവര്‍ കുറ്റം സമ്മതിച്ചിരുന്നു. കേസിലെ മറ്റൊരു പ്രതിയായ ദിവ്യ ഇപ്പോഴും ഒളിവിലാണ്. പ്രതിയ്ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്.

എങ്ങനെയാണ് തട്ടിപ്പ് നടത്തിയത് എന്ന് അറിയുന്നതിന് വേണ്ടി പ്രതികളെ കൊണ്ട് കുറ്റം നടത്തിയ രീതി അന്വേഷണസംഘം പുനരാവിഷ്‌കരിച്ചിരുന്നു. ഈ സമയത്ത് പ്രതികള്‍ തട്ടിപ്പ് നടത്തിയ രീതി കൃത്യമായി വിവരിച്ച് നല്‍കിയെന്നാണ് ലഭ്യമാകുന്ന വിവരം.

ജീവനക്കാരായ മൂന്നു പേര്‍ ചേര്‍ന്ന് സ്ഥാപനത്തിലെ ക്യൂആര്‍ കോഡ് മാറ്റി 69 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു ദിയ കൃഷ്ണകുമാര്‍ പരാതി നല്‍കിയിരുന്നത്.

മൂവരുടെയും അക്കൗണ്ടിലേക്ക് ഒരു വര്‍ഷത്തിനിടയില്‍ ലക്ഷക്കണക്കിന് രൂപ എത്തിയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അക്കൗണ്ടിലെത്തിയ മുഴുവന്‍ തുകയും വിവിധ അക്കൗണ്ടുകളിലേക്ക് കൈമാറിയതായും അന്വേഷണത്തില്‍ നിന്നും വ്യക്തമായിരുന്നു.

2024 ജനുവരി ഒന്ന് മുതല്‍ 2025 ജൂണ്‍ 3 വരെയുള്ള കാലയളവില്‍ 75 ലക്ഷം രൂപയാണ് മൂന്ന് പേരുടേയും അക്കൗണ്ടുകളിലേക്ക് എത്തിയതെന്നാണ് കണ്ടെത്തല്‍. രണ്ടു പേരുടെ അക്കൗണ്ടുകളിലായി 60 ലക്ഷം രൂപയാണ് എത്തിയത്. വിനീതയുടെ അക്കൗണ്ടില്‍ 25 ലക്ഷം രൂപയും ദിവ്യയുടെ അക്കൗണ്ടില്‍ 35 ലക്ഷം രൂപയുമാണ് എത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button