Uncategorized

സെബാസ്റ്റ്യന്റെ പുരയിടത്തിൽ നിന്ന് കിട്ടിയത് ക്യാപ്പിട്ട പല്ലിന്‍റെ ഭാഗങ്ങള്‍; ജൈനമ്മയുടെ പല്ലിന് ക്യാപ്പില്ലെന്ന് ബന്ധു, അവ്യക്തത തുടരുന്നു

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്തെ ദുരൂഹത തിരോധാനത്തില്‍ കൂടുതൽ ആളുകളെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച് സംഘം. പ്രതി സെബാസ്റ്റ്യന്റെ മുന്‍ സുഹൃത്ത് റോസമ്മയെ വിശദമായി ചോദ്യം ചെയ്യും. ആലപ്പുഴ, കോട്ടയം ക്രൈംബ്രാഞ്ച് സംഘങ്ങളാണ് റോസമ്മയെ ചോദ്യം ചെയ്യുക. ചേ‍ർത്തലയിൽ കാണാതായ ഐഷ എന്ന സ്ത്രീയുടെ സുഹൃത്ത് കൂടിയാണ് റോസമ്മ. സെബാസ്റ്റ്യന്റെ ഭാര്യയെയും വീണ്ടും വിളിച്ചുവരുത്തി മൊഴിയെടുക്കും.

അതേസമയം, സെബാസ്റ്റ്യന്റെ പുരയിടത്തിൽ നിന്നും കണ്ടെത്തിയ ശരീരഭാഗങ്ങളിൽ ഇപ്പോഴും അവ്യക്തതയാണ്. ശരീരഭാഗങ്ങൾക്കൊപ്പം കിട്ടിയ പല്ലിലാണ് സംശയം. ക്യാപ്പിട്ട പല്ലിന്റെ ഭാഗമാണ് പള്ളിപ്പുറത്ത് വീട്ടിൽ നിന്ന് കിട്ടിയത്. ജൈനമ്മയുടെ പല്ലിന് ക്യാപ്പ് ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ ക്രൈംബ്രാഞ്ചിനെ അറിയിച്ചു. ഡിഎൻഎ പരിശോധനയ്ക്കായി കൂടുതൽ സാമ്പിളുകൾ ശേഖരിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭന്റെ സഹോദരന്റെ ഡിഎൻഎ സാമ്പിൾ എടുക്കും. വിദേശത്തുള്ള സഹോദരൻ പ്രവീണിനോട് നാട്ടിലെത്താൻ ക്രൈംബ്രാഞ്ച് നിർദ്ദേശം നല്‍കിയിട്ടുണ്ട്.

കേസില്‍ സെബാസ്റ്റ്യനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ജൈനമ്മയുടെ മൊബൈൽ ഫോണുമായി സെബാസ്റ്റ്യൻ പോയ ഈരാറ്റുപേട്ടയിലെ കടയിലും പരിസരത്തും ഇയാളെ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും. കോട്ടയം ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർ ഇന്നലെ ഇയാളെ ചോദ്യം ചെയ്തിരുന്നു. എന്നാൽ ജൈനമ്മയടക്കമുള്ള സ്ത്രീകളുടെ തിരോധാനം സംബന്ധിച്ച് പ്രതി നൽകുന്ന വിവരങ്ങൾ പരസ്പര വിരുദ്ധമാണ്. നാളെ വരെയാണ് സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. കൂടുതൽ തെളിവെടുപ്പിനായി ഇയാളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനുള്ള സാധ്യതയുണ്ട്. ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയ പള്ളിപ്പുറത്തെ വീട്ടിൽ വീണ്ടും പൊലീസ് പരിശോധന നടത്തും. ആദ്യ ഘട്ടത്തിൽ കിട്ടിയ അസ്ഥികഷ്ണങ്ങളുടെ ഡിഎൻഎ പരിശോധന ഫലം ഉടൻ കിട്ടിയേക്കും. ഡിഎൻഎ ഫലം കിട്ടിയാൽ കേസിൽ നിർണായക തെളിവിലേക്കെത്താൻ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണക്ക്കൂട്ടൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button