ഒന്നിന് പിറകെ ഒന്നായി പ്രശ്നങ്ങൾ, നാട്ടിലേക്ക് മടങ്ങാനാകാതെ യമനിൽ കുടുങ്ങി മലയാളി കുടുംബം, തൊഴിൽ കരാർ അവസാനിച്ചു, ഒടുവിൽ ആശ്വാസം

റിയാദ്: തൊഴില്‍ കരാര്‍ കഴിഞ്ഞിട്ടും നാട്ടിലേക്ക് തിരികെ മടങ്ങാനാകാതെ യമനില്‍ കുടുങ്ങിയ മലയാളി കുടുംബത്തിന് ഒടുവില്‍ ആശ്വാസം. തെക്കൻ യമനിലെ ഏതനിൽ സർക്കാർ നിയന്ത്രണത്തിലുള്ള സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്ത് വരികയായിരുന്ന ഇടുക്കി സ്വദേശിനിയായ അഞ്ജനയും കുഞ്ഞുമാണ് തൊഴിൽ കരാര്‍ അവസാനിച്ചിട്ടും നാട്ടിലേക്ക് മടങ്ങാനാകാതെ യമനില്‍ കുടുങ്ങിയത്.
ഏറെ പ്രതിസന്ധികള്‍ക്ക് ശേഷം സാമൂഹിക പ്രവർത്തകരുടെ ഇടപെടലിലാണ് ഇവർക്ക് എമർജൻസി പാസ് ലഭിച്ചത്. ഒമാനിലെ റൂവി കെഎംസിസി, സൗദിയിലെ റിയാദ് കെഎംസിസി എന്നിവയുടെ കൂട്ടായ ശ്രമത്തിന്‍റെ ഫലമായാണ് ഇവര്‍ക്ക് സൗദി അറേബ്യയിലെ റിയാദ് ഇന്ത്യൻ എംബസി എമർജൻസി പാസ് നൽകിയത്. പാസ്പോർട്ട് കാലാവധി കഴിഞ്ഞതോടെയാണ് അഞ്ജനക്ക് നാട്ടിലേക്ക് മടങ്ങാൻ കഴിയാതിരുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 19ന് ജനിച്ച മകൻ ലിയോ ലിയാമിന് പാസ്പോർട്ട് എടുക്കാനും ഇതുവരെ സാധിച്ചിരുന്നില്ല.
നിലവിൽ യമനിൽ ഇന്ത്യൻ എംബസി സൗകര്യം ഇല്ലാത്തതായിരുന്നു പ്രതിസന്ധികൾക്ക് കാരണം. മുമ്പ് ജിബൂട്ടിയിൽ പ്രവർത്തിച്ചിരുന്ന യമനിലെ ഇന്ത്യൻ എംബസി ഇപ്പോൾ യമനിലെ രാഷ്ട്രീയ സാഹചര്യത്തിൽ നിശ്ചലമാണ്. കോൺസുലർ സേവനങ്ങൾക്കായി സനായിൽ ഉണ്ടായിരുന്ന താൽക്കാലിക കേന്ദ്രവും അടച്ചു പൂട്ടി. അഞ്ജനയുടെ ഭർത്താവിന്‍റെ പാസ്പോർട്ടിന് കാലാവധി ഉണ്ടെങ്കിലും ഭാര്യയുടെയും കുട്ടിയുടെയും പാസ്പോർട്ട് ഇല്ലാതെ കുടുംബത്തിന് ഒന്നിച്ച് നാട്ടിലേക്ക് മടങ്ങാൻ കഴിയാത്ത അവസ്ഥയായിരുന്നു. എമർജൻസി പാസ്പോർട്ട് ലഭിക്കാന്‍ മന്ത്രിമാർ ഉൾപ്പെടെ നിരവധി പേരെ കുടുംബം സമീപിച്ചിരുന്നു. പിന്നീട് ഒമാനിലെ മസ്കറ്റ് ഇന്ത്യൻ എംബസിക്ക് ഇവർ സമർപ്പിച്ച അപേക്ഷ എംബസി തള്ളുകയും റിയാദ് എംബസിയെ സമീപിക്കാൻ ആവശ്യപ്പെടുകയും ചെയ്തതായി മസ്കത്തിലെ റൂവി കെഎംസിസി പ്രസിഡന്റ് റഫീഖ് ശ്രീകണ്ഠപുരം പറഞ്ഞു.




