Uncategorized

അങ്കണവാടിയിൽ കളിപ്പാട്ടങ്ങൾ സൂക്ഷിക്കുന്ന ഷെൽഫിനുള്ളിൽ പത്തി വിടർത്തിയ മൂർഖൻ; അലറിവിളിച്ച് അധ്യാപിക, കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊച്ചി: എറണാകുളം ആലുവ കരുമാലൂരിൽ അങ്കണവാടിക്കുള്ളിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. കുട്ടികൾ അങ്കണവാടിയിൽ ഉള്ളപ്പോഴാണ് പാമ്പിനെ കണ്ടത്. കളിപ്പാട്ടങ്ങൾ സൂക്ഷിച്ച ഷെൽഫിന് അകത്തായിരുന്നു പാമ്പ്. പാമ്പിനെ കണ്ടെത്തിയ സമയത്ത് എട്ട് കുട്ടികൾ അങ്കണവാടിയിൽ ഉണ്ടായിരുന്നു.
രാവിലെ 11 മണിക്ക് ശേഷമായിരുന്നു സംഭവം. കളിപ്പാട്ടം സൂക്ഷിച്ച അലമാരയിലാണ് പത്തി വിടർത്തിയ നിലയിൽ വലിയ മൂർഖൻ പാമ്പിനെ കണ്ടെത്തിയത്. ഈ സമയത്ത് അധ്യാപികയും ഹെൽപ്പറും അങ്കണവാടിയിലുണ്ടായിരുന്നു. കളിപ്പാട്ടം മാറ്റുന്നതിനിടെ അങ്കണവാടിയിലെ അധ്യാപികയാണ് പാമ്പിനെ കണ്ടത്. തലനാരിഴക്കാണ് കടിയേൽക്കാതെ അധ്യാപിക രക്ഷപ്പെട്ടത്. ഉടൻ കുട്ടികളെ മുറിയിൽ നിന്ന് മാറ്റി. അധ്യാപികയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ വാർഡ് മെമ്പറിനെ വിവരം അറിയിക്കുകയും തുടർന്ന് വനം വകുപ്പ് പ്രവർത്തകർ എത്തിയാണ് പാമ്പിനെ പിടികൂടിയത്.
പാടശേഖരത്തോട് ചേർന്നുള്ള കെട്ടിടത്തിലാണ് അങ്കണവാടി പ്രവർത്തിക്കുന്നത്. കഴിഞ്ഞ ദിവസത്തെ കനത്ത മഴയിലും കാറ്റിലും അങ്കണവാടി കെട്ടിടത്തിന്റെ ജനൽ ഭാഗം തകർന്നിരുന്നു. തുണികൾ വെച്ചാണ് ഈ ഭാഗം അടച്ചിരുന്നത്. ഇത് വഴിയാണോ പാമ്പ് അകത്ത് കയറിയത് എന്നാണ് സംശയം. മൂർഖൻ പാമ്പിനെ കണ്ട ഞെട്ടലിലാണ് ആയയും അങ്കൺവാടിയിലെ ടീച്ചർമാരും. അങ്കണവാടി അടുത്ത് മൂന്ന് ദിവസം അടച്ചിടുമെന്നും പരിശോധനയ്ക്ക് ശേഷമേ അങ്കൺവാടി തുറന്ന് പ്രവർത്തിക്കൂ എന്നും വാർഡ് മെമ്പർ പ്രതികരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button