ജനങ്ങളെ വട്ടംചുറ്റിച്ച സ്വകാര്യബസ് സമരത്തിൽ പൊലീസ് ശക്തമായ നടപടിക്ക് ; പണി മുടക്കിന് വാട്സ് ആപ്പിലൂടെ ആഹ്വാനം ചെയ്തവർക്കെതിരെ കേസെടുക്കുമെന്ന്

വടകര താലൂക്കിൽ മൂന്ന് ദിവസമായി നിലനിന്ന സ്വകാര്യ ബസ്സുകൾ സർവ്വീസ് നടത്താൻ പറ്റാത്ത സാഹചര്യം ഒഴിവാക്കാനും നാളെ മുതൽ താലൂക്കിലെ എല്ലാ സ്വകാര്യ ബസ്സുകളും സർവ്വീസ് നടത്തുന്നതിനും റൂറൽ എസ്.പിയും ആർ.ടി.ഒ യും ചേർന്ന് വിളിച്ചു ചേർത്ത തൊഴിലാളി യൂണിയൻ ഭാരവാഹികളുടേയും ബസ്സ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികളുടേയും യോഗം തീരുമാനിച്ചു.തൊട്ടിൽപ്പാലം തലശ്ശേരി റൂട്ടിലെ ജഗന്നാഥ് ബസ്സിലെ കണ്ടക്ടറെ ഒരു സംഘം ബസ്സിൽ കയറി ക്രൂരമായി ആക്രമിച്ചതിന്റെ പേരിലായിരുന്നു ബസ്സുകൾ ഓടാതിരുന്നത്. മൂന്ന് പ്രതികളെ പിടികൂടുകയും മറ്റുള്ളവരെ ഉടൻ തന്നെ പിടികൂടുമെന്ന് ചൊക്ലി പോലീസ് നൽകിയ ഉറപ്പിൻ്റെ അടിസ്ഥാനത്തിൽ തലശ്ശേരി തൊട്ടിൽപ്പാലം റൂട്ടിൽ തൊഴിലാളി യൂണിയനുകൾ സമരത്തിൽ നിന്ന് പിൻമാറിയിരുന്നു.
എന്നാൽ വാട്സ് ആപ് കൂട്ടായ്മയിലൂടെ ചിലർ നൽകിയ പണിമുടക്ക് സന്ദേശം മൂലം ബസ്സുകൾ സർവ്വീസ് നടത്തിയിരുന്നില്ല. ഇതെ തുടർന്നാണ് വടകര താലൂക്കിലും മൂന്ന് ദിവസമായി ബസ്സ് സർവ്വീസ് നിലച്ചത്. വാട്സ് ആപിലൂടെ മിന്നൽ പണിമുടക്കിന് ആഹ്വാനം നൽകുന്നവർക്കെതിരെ സൈബർ നിയമപ്രകാരം നടപടികൾ സ്വീകരിക്കുമെന്ന് എസ്.പി. ഉറപ്പുനൽകി.




