Uncategorized

‘നവജാത ശിശുവിന്റെ മൃതദേഹം ദിവസങ്ങളോളം വെന്റിലേറ്ററിൽ വച്ചു’, റാഞ്ചിയിൽ സ്വകാര്യ ആശുപത്രിക്കെതിരെ ഗുരുതര ആരോപണം, കേസ്

റാഞ്ചി: മരിച്ചുപോയ നവജാത ശിശുവിനെ സ്വകാര്യ ആശുപത്രി അധികൃതർ ദിവസങ്ങളോളം വെന്റിലേറ്ററിൽ സൂക്ഷിച്ചതായി ആരോപണം. ജാർഖണ്ഡിലെ റാഞ്ചിയിലെ സ്വകാര്യ ആശുപത്രിക്കെതിരെയാണ് ഗുരുതര ആരോപണം ഉയർന്നത്. സംഭവത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റ‍ർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം 4നാണ് കു‌ഞ്ഞ് ജനിക്കുന്നത്. റാഞ്ചിയിലെ സാദർ ആശുപത്രിയിൽ ജനിച്ച കുട്ടിയെ ജൂലൈ 8ന് ഓക്സിജൻ കുറവ് മൂലമാണ് ലിറ്റിൽ ഹാർട്ട് ആശുപത്രിയിലേക്ക് മാറ്റിയതെന്നാണ് മാതാപിതാക്കൾ ആരോപിക്കുന്നത്.

ആരോപണം മൂന്നംഗ സംഘം അന്വേഷിക്കുമെന്നാണ് റാഞ്ചി ഡെപ്യൂട്ടി കമ്മീഷണർ മഞ്ജുനാഥ് ഭജാൻട്രി ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്. കുട്ടി മരിച്ച ശേഷവും മൃതജേഹം വെന്റിലേറ്ററിൽ വച്ചുവെന്നാണ് മാതാപിതാക്കളുടെ ആരോപണം. മൃതദേഹം അഴുകി ദു‍ർഗന്ധം വമിക്കുന്ന നിലയിലായിരുന്നുവെന്നാണ് പരാതിയിലെ ആരോപണം. വളരെ ദരിദ്ര കുടുംബത്തിൽ നിന്നുള്ളവരായിരുന്നു കുട്ടിയുടെ മാതാപിതാക്കളെന്നും പരാതി വിശദമാക്കുന്നത്. എന്നാൽ മാതാപിതാക്കളുടെ ആരോപണം ആശുപത്രി നിഷേധിച്ചു.

ആശുപത്രിയുടെ എതിർപ്പ് വകവയ്ക്കാതെ കുട്ടിയെ നിർ‍ബന്ധിച്ച് ഡിസ്ചാർജ്ജ് ചെയ്ത് കൊണ്ടുപോകുന്ന സമയം വരെ കുഞ്ഞിന് ജീവനുണ്ടായതാണ് ഞായറാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ ആശുപത്രിയിൽ നിന്നുള്ള ഡോ. സത്യജീത് കുമാർ വിശദമാക്കുന്നത്. കുട്ടി മരിച്ച വിവരം മറച്ചുവച്ചതായും മൃതദേഹം വെന്റിലേറ്ററിൽ വച്ചതായുള്ള ആരോപണവും ആശുപത്രി അധികൃതർ തള്ളിക്കളഞ്ഞു. മെഡിക്കൽ മോണിട്ടറിന്റെ സ്ക്രീൻ ഷോട്ടുകൾ അടക്കം ലഭ്യമാണെന്ന് ആശുപത്രി ജീവനക്കാർ വിശദമാക്കുന്നത്. കുട്ടിയെ മാതാപിതാക്കൾക്ക് കൈമാറിയത് ജീവനോടെയെന്നുമാണ് ആശുപത്രി വാദിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button