Uncategorized

‘വീട് കണ്ണൂർ’ അനാഥ ബാല്യങ്ങൾക്ക് കരുതലിന്റെ ഇടം

കണ്ണൂർ: ജീവിത സാഹചര്യങ്ങൾ ഒറ്റപ്പെടുത്തിയ ബാല്യങ്ങൾക്ക് കരുതലുമായി ജില്ലയിൽ ഒരു വീടൊരുങ്ങി. മുട്ടിലിഴഞ്ഞും പിച്ചവച്ചും നടന്നും കളിച്ചും പഠിച്ചും വളരാനൊരു വീട്. സ്നേഹം കൊണ്ട് ഊട്ടാനും ഉറക്കാനും ആയമ്മമാരും. കണ്ണൂർ പിണറായി പുത്തൻകണ്ടത്താണ് ‘വീട് കണ്ണൂർ’ എന്ന ശിശുപരിപാലന കേന്ദ്രം സജ്ജമായിരിക്കുന്നത്. 10 കുട്ടികളുടെ പരിപാലനത്തിനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. നവജാത ശിശുക്കൾ മുതലുള്ള കുഞ്ഞുങ്ങളെ പരിപാലിക്കാനുള്ള സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിലാണ് കേന്ദ്രം തയ്യാറായിരിക്കുന്നത്.

പിണറായി പുത്തൻകണ്ടം അങ്കണവാടിയോട് ചേർന്നാണ് വീട് കണ്ണൂർ പ്രവർത്തിക്കുന്നത്. കുഞ്ഞുങ്ങൾക്കായി തൊട്ടിലുകൾ, കിടക്കകൾ, വിരിപ്പുകൾ, ചെറിയ കളിക്കോപ്പുകൾ തുടങ്ങി എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. നിലവിൽ ജില്ലാ ശിശുവികസന ഓഫീസിൽ നിന്ന് കൈമാറിയ മൂന്നുമാസം പ്രായമുള്ള ഒരു കുട്ടിയാണ് കേന്ദ്രത്തിലുള്ളത്. ഒരു നേഴ്‌സ്, സോഷ്യൽ വർക്കർ, രണ്ട് ആയമാർ, മാനേജർ, ഡ്രൈവർ കം സെക്യൂരിറ്റി എന്നിവരാണ് കേന്ദ്രത്തിൻ്റെ ചുമതലയിലുള്ളത്. അമ്മത്തൊട്ടിലുകളിൽ ഉപേക്ഷിക്കപ്പെടുന്നതുൾപ്പെടെ അനാഥാവസ്ഥയിൽ ഉള്ള കുട്ടികളെ പരിപാലിക്കാൻ ജില്ലാ തലങ്ങളിൽ ശിശുപരിപാലന കേന്ദ്രം ആരംഭിക്കണമെന്ന സംസ്ഥാന സമിതിയുടെ നിർദ്ദേശ പ്രകാരമാണ് ജില്ലാകേന്ദ്രം പ്രവർത്തനം തുടങ്ങിയത്. ഇത്തരം സംസ്ഥാന സമിതിയുടെ സാമ്പത്തിക സഹായത്തോടെയാണ് കേന്ദ്രം പ്രവർത്തിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button