മലേഷ്യയിൽ നിന്നെത്തിയ കുട്ടൻ; 100 വയസുകാരനിലൂടെ കോട്ടയത്തേക്ക് ദേശീയ പുരസ്കാരവിജയവുമായി വിജയരാഘവൻ

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ വിജയരാഘവൻ നൂറ് വയസുകാരനായി എത്തുന്നുവെന്നതായിരുന്നു പൂക്കാലത്തിന്റെ പ്രത്യേകത. തന്റെ യഥാർത്ഥ പ്രായത്തേക്കാൾ മുപ്പതു വയസ് കൂടുതൽ ഉള്ള കഥാപാത്രത്തെ സ്വാഭാവികമായി അവതരിപ്പിച്ചതിനാണ് ദേശീയ പുരസ്കാരം കോട്ടയം ഒളശ്ശയിലെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് വരുന്നത്.
നാടകാചാര്യൻ എൻ.എൻ. പിള്ളയുടെയും നാടകനടിയായിരുന്ന ചിന്നമ്മയുടെയും മകനായി 1951ഡിസംബർ 20-ന് മലേഷ്യയിലെ ക്വാലാലമ്പൂരിലാണ് കുട്ടൻ എന്ന് അടുപ്പക്കാർ വിളിക്കുന്ന വിജയരാഘവൻ ജനിച്ചത്. എൻ.എൻ. പിള്ളയുടെ വിശ്വകേരളാ കലാസമിതിയിലൂടെ ബാല്യത്തിൽതന്നെ നാടകരംഗത്ത് സജീവമായി. ക്രോസ്ബെൽറ്റ് മണി എൻ.എൻ. പിള്ളയുടെ കാപാലിക സിനിമയാക്കിയപ്പോൾ അതിൽ പോർട്ടർ കുഞ്ഞാലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് 1973ൽ 22-വയസിൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചു.
1982-ൽ എസ്. കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകൾ എന്ന ചിത്രത്തിലൂടെ നായകനായി. ഈ ചിത്രം വിജയിച്ചില്ല. പിന്നീട് ന്യൂഡൽഹി എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. 1989ൽ സിദ്ദിഖ് ലാൽ സംവിധാനം ചെയ്ത റാംജി റാവ് സ്പീക്കിങ് എന്ന ചിത്രത്തിലെ റാംജി റാവ് ആയ വിജയരാഘവൻ രണ്ടാം ഭാഗമായ മാന്നാർ മത്തായി സ്പീക്കിങ്ങിലും റാംജി റാവ് ആയി.




