Uncategorized

സർക്കാർ പദ്ധതികൾക്ക് ജീവിച്ചിരിക്കുന്നവരുടെ പേര് പാടില്ലെന്ന കോടതി വിധിക്ക് പിന്നാലെ ‘നലം കാക്കും സ്റ്റാലിൻ’ പദ്ധതിയുമായി എംകെ സ്റ്റാലിൻ

ചെന്നൈ: തമിഴ്നാട്ടിലെ സമഗ്ര ആരോഗ്യ പരിശോധന പദ്ധതിയായ ‘നലം കാക്കും സ്റ്റാലിൻ’ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. സർക്കാർ പദ്ധതികൾക്ക് ജീവിച്ചിരിക്കുന്ന വ്യക്തികളുടെ പേര് നൽകരുത് എന്ന മദ്രാസ് ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണിത്.

കോടതിയുടെ ഉത്തരവ് സ്റ്റാലിന് ബാധകമാണോയെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡിഎംകെ ഹർജി സമർപ്പിച്ചിരുന്നു. ഇതിൽ തിങ്കളാഴ്ച വാദം കേൾക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നു. അതിനിടെയാണ് മുൻ നിശ്ചയിച്ച തീയതിയിൽ തന്നെ പദ്ധതിയുടെ ഉദ്ഘാടനം നടത്തിയിരിക്കുന്നത്. സർക്കാരിന്റെ ഈ നടപടി കോടതിയലക്ഷ്യമാണെന്ന് അണ്ണാ ഡിഎംകെ ആരോപിച്ചു.

ജീവിച്ചിരിക്കുന്നവരുടെ പേരുകളിൽ സർക്കാർ പദ്ധതികൾ പാടില്ലെന്ന് കഴിഞ്ഞ ദിവസമാണ് മദ്രാസ് ഹൈക്കോടതി ഉത്തരവിറക്കിയത്. ചീഫ് ജസ്റ്റിസ് ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ, സർക്കാർ പരസ്യത്തിൽ നിലവിലെ മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിക്കാം. സർക്കാർ പരസ്യങ്ങളിൽ മുൻ മുഖ്യമന്ത്രിമാരുടെയോ ഡിഎംകെ സ്ഥാപക നേതാക്കളുടെയോ ചിത്രം ഉൾപ്പെടുത്തരുത്. നേതാക്കളുടെ പേര് സർക്കാർ പദ്ധതികൾക്ക് നൽകുന്നത് സുപ്രീം കോടതി ഉത്തരവുകളുടെ ലംഘനമായിരിക്കുമെന്നും കോടതി അറിയിച്ചിരുന്നു. ഇതിനിടെയാണ് ‘നലം കാക്കും സ്റ്റാലിൻ’ പദ്ധതി മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഉദ്ഘാടനം ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button