മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ്സ് ഒരക്ഷരം പ്രതികരിച്ചിട്ടില്ല; പി എ മുഹമ്മദ് റിയാസ്

കൊച്ചി: മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റില്‍ ബിജെപിക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ ഛത്തീസ്ഗഡിലെ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. വിഷയത്തില്‍ ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് ഇതുവരെ ഒരക്ഷരം പ്രതികരിച്ചിട്ടില്ലെന്നും അവരെ നേര്‍വഴിക്ക് നയിക്കാന്‍ ഹൈക്കമാന്‍ഡിനോട് കെപിസിസി ആവശ്യപ്പെടുമോയെന്നും പി എ മുഹമ്മദ് റിയാസ് ചോദിച്ചു. ഒരു വര്‍ഷം മുന്‍പുവരെ സംസ്ഥാന ഭരണത്തില്‍ ഉണ്ടായിരുന്നതും നിലവിലെ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായിട്ടും ഛത്തീസ്ഗഢിലെ കോണ്‍ഗ്രസിന് ചെറുപ്രതിഷേധം പോലും സംഘടിപ്പിക്കാന്‍ തോന്നാത്തത് എന്തുകൊണ്ടാണെന്നും പി എ മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അഭിപ്രായപ്പെട്ടു.
കേരളത്തിലെ കോണ്‍ഗ്രസിന് ഒരു നിലപാട്, ഛത്തീസ്ഗഡിലെ കോണ്‍ഗ്രസിന് വേറൊരു നിലപാട് എന്നത് അങ്ങേയറ്റം പരിഹാസ്യകരമാണ്. കന്യാസ്ത്രീകളുടെ അറസ്റ്റിനു നിദാനമായ നിയമത്തിന്റെ സൃഷ്ടാവ് കോണ്‍ഗ്രസ് സര്‍ക്കാരാണ് എന്നത് ഇതിനോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്. ഛത്തീസ്ഗഡ് മതസ്വാതന്ത്ര്യ നിയമം (1968) ലെ നാലാം വകുപ്പു പ്രകാരമാണ് കന്യാസ്ത്രീകളെ അറസ്റ്റു ചെയ്തിരിക്കുന്നത്. ഈ നിയമം കൊണ്ടുവന്നത് ഛത്തീസ്ഗഡ് മധ്യപ്രദേശിന്റെ ഭാഗമായ കാലത്ത് കോണ്‍ഗ്രസ്സ് സര്‍ക്കാരാ’ണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.




