പ്ലാസ്റ്റിക്ക് ആയാലും ഗ്ലാസ് ആയാലും കുപ്പി ഒന്നിന് 20 രൂപ! ബെവ്കോയിൽ ‘തമിഴ്നാട് മോഡൽ’ കുപ്പി ശേഖരണം; തിരിച്ചെത്തിച്ചാൽ അധികം ഇടാക്കുന്ന പണം ലഭിക്കും

തിരുവനന്തപുരം: കേരളത്തിൽ ബെവറേജസ് കോർപ്പറേഷൻ (ബെവ്കോ) മദ്യക്കുപ്പികൾ തിരികെ ശേഖരിക്കുന്നതിന് പുതിയ പദ്ധതി ആവിഷ്കരിക്കുന്നു. തമിഴ്നാട്ടിലെ മാതൃക പിന്തുടർന്ന്, ഗ്ലാസ് – പ്ലാസ്റ്റിക് കുപ്പികളിൽ മദ്യം വാങ്ങുന്നവരിൽ നിന്ന് 20 രൂപ അധികം ഈടാക്കും. കുപ്പി തിരികെ നൽകിയാൽ ഈ തുക തിരികെ ലഭിക്കും. ബെവ്കോ സ്റ്റിക്കർ പതിച്ച കുപ്പികൾ ആരു തിരികെ കൊണ്ടുവന്നാലും 20 രൂപ നൽകും, വാങ്ങിയ ആൾ തന്നെ കൊണ്ടുവരണമെന്ന് നിർബന്ധമില്ലെന്നും ബെവ്കോ അറിയിച്ചു. ബെവ്കോ സ്റ്റിക്കർ വ്യക്തമാകുന്ന നിലയിലായിരിക്കണം കുപ്പി തിരികെ എത്തിക്കേണ്ടത്. പരിസ്ഥിതി സംരക്ഷണത്തിനുള്ള ബെവ്കോയുടെ പുതിയ ചുവടുവയ്പാണിതെന്ന് അധികൃതർ അറിയിച്ചു.
800 രൂപയ്ക്ക് മുകളിൽ വിലയുള്ള മദ്യം ഇനി ഗ്ലാസ് കുപ്പികളിൽ മാത്രമായിരിക്കും വിൽക്കുക. 900 രൂപയ്ക്ക് മുകളിൽ വിലയുള്ള മദ്യം വിൽക്കുന്ന നിലയിൽ സൂപ്പർ പ്രീമിയം ഔട്ട്ലെറ്റുകൾ എല്ലാ ജില്ലകളിലും തുടങ്ങാനും തീരുമാനമുണ്ട്. തൃശൂരിലായിരിക്കും ഇത്തരത്തിലുള്ള ആദ്യ സൂപ്പർ പ്രീമിയം ഔട്ട്ലെറ്റ് തുടങ്ങുക.




