Uncategorized

കന്യാസ്ത്രീകൾ ആറാം ദിനവും ജയിലിൽ; ഛത്തീസ്ഗഡ് ഹൈക്കോടതിയിൽ ഇന്ന് ജാമ്യാപേക്ഷ നൽകും

റായ്പുർ: ഛത്തീസ്ഗഡിൽ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റിലായ കന്യാസ്ത്രീകൾ ആറാം ദിനവും ജയിലിൽ തുടരുന്നു. ഇരുവരും ഇന്ന് ഛത്തീസ്ഗഡ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകും. എൻഐഎ കോടതിയെ സമീപിക്കേണ്ടതില്ലെന്ന് നേരത്തെ നിയമോപദേശം ലഭിച്ചിരുന്നു. ഇതോടെയാണ് ഹൈക്കോടതിയെ സമീപിക്കാൻ നീക്കമുണ്ടാകുന്നത്.

എല്ലാത്തരത്തിലുള്ള നിയമപോരാട്ടങ്ങൾക്കും ഒരുങ്ങിയിരിക്കുക തന്നെയാണ് തങ്ങളെന്ന് കന്യാസ്ത്രീകൾക്ക് വേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷകനായ അഡ്വ രാജ്‌കുമാർ തിവാരി റിപ്പോർട്ടറിനോട് പറഞ്ഞു. സെഷൻസ് കോടതിക്ക് കേസ് പരിഗണിക്കാൻ സാധിക്കില്ല എന്നിരിക്കെ എങ്ങനെയാണ് കീഴ്കോടതി കന്യാസ്ത്രീകളെ റിമാൻഡ് ചെയ്‌തത്‌ എന്ന് രാജ്‌കുമാർ തിവാരി ചോദിച്ചു. ഈ റിമാൻഡ് റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്‌കുമാർ തിവാരി കോടതിയെ സമീപിച്ചിട്ടുണ്ട്.

സെഷന്‍സ് കോടതിയില്‍ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ ശക്തമായ വാദങ്ങളാണ് ഉന്നയിച്ചത്. മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകളാണ് കന്യാസ്ത്രീകള്‍ക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും കേസ് പരിഗണിക്കേണ്ടത് സെഷന്‍സ് കോടതിയിലല്ലെന്നും പ്രോസിക്യൂഷന്‍ ശക്തമായി വാദിച്ചിരുന്നു. എന്‍ഐഎ നിയമം അനുസരിച്ച് മനുഷ്യക്കടത്ത് കേസുകള്‍ പ്രത്യേക കോടതിയാണ് പരിഗണിക്കേണ്ടതെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഇത് അംഗീകരിച്ച കോടതി കന്യാസ്ത്രീകളോട് എന്‍ഐഎ കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കന്യാസ്ത്രീകളുടെ അഭിഭാഷകര്‍ നിയമോപദേശം തേടിയത്.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവക സിസ്റ്റര്‍ പ്രീതി മേരി എന്നിവരായിരുന്നു അറസ്റ്റിലായത്. ഇവര്‍ക്കൊപ്പം മൂന്ന് പെണ്‍കുട്ടികളുമുണ്ടായിരുന്നു. ഈ പെണ്‍കുട്ടികളെ കടത്തുകയാണെന്നും നിര്‍ബന്ധിത പരിവര്‍ത്തനത്തിനിരയാക്കുകയാണെന്നും ആരോപിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ് രംഗത്തെത്തിയത്. കന്യാസ്ത്രീകളെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞുവെയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ നിര്‍ബന്ധിത പരിവര്‍ത്തനം, മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സിസ്റ്റര്‍ പ്രീതിയാണ് കേസിലെ ഒന്നാം പ്രതി. സിസ്റ്റര്‍ വന്ദന രണ്ടാം പ്രതിയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button