അമ്മയുടെ കരങ്ങളിൽ അവൻ സുരക്ഷിതം; വിമാനാപകടത്തിൽ നിന്ന് രക്ഷപ്പെട്ട കൈക്കുഞ്ഞ് ആശുപത്രി വിട്ടു

അഹമ്മദാബാദ്: എയർ ഇന്ത്യ വിമാനാപകടത്തിൽ നിന്ന് രക്ഷപ്പെട്ട എട്ട് മാസം പ്രായമുള്ള കുഞ്ഞും അമ്മയും ആശുപത്രി വിട്ടു. അഞ്ച് ആഴ്ചത്തെ ചികിത്സയ്ക്ക് ശേഷമാണ് ഇരുവരും ആശുപത്രി വിട്ടത്. അമ്മയും കുഞ്ഞും ആരോഗ്യനില വീണ്ടെടുത്തതായി ആശുപത്രി അധികൃതർ അറിയിച്ചു. ജൂൺ 12ന് അഹമ്മദാബാദിൽ ഉണ്ടായ എയർ ഇന്ത്യ വിമാനാപകടത്തിലാണ് ഇവർക്ക് ഗുരുതരമായി പൊള്ളലേറ്റത്.
അപകടത്തിൽ 28 ശതമാനം പൊള്ളലേറ്റ കുട്ടി അഹമ്മദാബാദിലെ കെഡി ഹോസ്പിറ്റലിലെ പീഡിയാട്രിക് ഇൻ്റൻസീവ് കെയർ യൂണിറ്റിൽ (PICU) ചികിത്സയിലായിരുന്നു. അപകടത്തിൽ പരിക്കേറ്റവരിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണിത്. അപകടത്തിൽ നാശനഷ്ടമുണ്ടായ കെട്ടിടങ്ങളിലൊന്നിലാണ് മനീഷ കച്ചാദിയയും, അവരുടെ എട്ട് മാസം പ്രായമുള്ള മകൻ ധ്യാൻഷും ഉണ്ടായിരുന്നത്.
അപകടത്തിൽ മനീഷയ്ക്കും പൊള്ളലേറ്റെങ്കിലും അവർ മകനെയും എടുത്ത് സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. കുഞ്ഞിന് പൊള്ളലേൽക്കാതിരിക്കാൻ അവർ ശ്രമിച്ചതിനാലാണ് ഇത്രയും വലിയ അപകടത്തിൽ നിന്നും കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടത്. മനീഷയ്ക്ക് അപകടത്തിൽ 30 ശതമാനം പൊള്ളലേറ്റിരുന്നു. മനീഷയുടെ ഭർത്താവ് കപിൽ കച്ചാദിയ ബി ജെ മെഡിക്കൽ കോളേജിൽ യൂറോളജിയിൽ സൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടറാണ്. അപകടം നടക്കുമ്പോൾ കപിൽ മെഡിക്കൽ കോളേജിലായിരുന്നു.




