ചിമ്മിണി ഡാമിലെ അപകട മരണം; കെഎസ്ഇബിക്കെതിരെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ

തൃശൂർ ചിമ്മിണി ഡാമിൽ വൈദ്യുതി ലൈനിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെയുണ്ടായ അപകടത്തിൽ തൊഴിലാളി മരിച്ച സംഭവത്തിൽ കെഎസ്ഇബിക്കെതിരെ വ്യാപക പ്രതിഷേധം. എച്ചിപ്പാറ സ്വദേശി ചക്കുങ്ങൽ വീട്ടിൽ ഖാദറാണ് ഇന്നലെ അപകടത്തിൽ മരിച്ചത്. കെഎസ്ഇബിയുടെ ഗുരുതര അനാസ്ഥയാണ് ഖാദറിന്റെ മരണത്തിന് കാരണമെന്ന് നാട്ടുകാരും കുടുംബവും ആരോപിക്കുന്നു.രണ്ട് ദിവസമായി വൈദ്യുതി കമ്പിയിൽ വീണുകിടന്ന മരം മുറിച്ചുമാറ്റാൻ കെഎസ്ഇബി തയ്യാറായില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഇതേത്തുടർന്ന് വനംവകുപ്പ് ഖാദറിനെ വിളിച്ച് മരം മുറിക്കാൻ ഏർപ്പാടാക്കുകയായിരുന്നു. മരം മുറിക്കുന്നതിന് മുൻപ് വൈദ്യുതി ലൈൻ അഴിച്ചുമാറ്റണമെന്ന് ഖാദർ ആവശ്യപ്പെട്ടിരുന്നെങ്കിലും കെഎസ്ഇബി അതിന് തയ്യാറായില്ലെന്ന് കുടുംബം ആരോപിച്ചു. വൈദ്യുതി കമ്പിയിലൂടെ വഴുതിവീണ മരത്തടിയാണ് അപകടത്തിന് കാരണമായത്. കമ്പി അഴിച്ചുമാറ്റിയിരുന്നെങ്കിൽ ഖാദറിന്റെ ജീവൻ നഷ്ടപ്പെടില്ലായിരുന്നുവെന്ന് കുടുംബം പറയുന്നു. കെഎസ്ഇബിയുടെ ഈ അനാസ്ഥയാണ് ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയതെന്ന് നാട്ടുകാരും ആരോപിക്കുന്നു.




