Uncategorized

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്. പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ തകര്‍ത്തുവെന്നും അമിത് ഷാ പറഞ്ഞു. ഓപ്പറേഷൻ മഹാദേവിലൂടെ ഭീകരരെ വധിച്ച നടപടിയിൽ സുരക്ഷാ സേനകളെയും ജമ്മു കശ്മീര്‍ പൊലീസിനെയും രഹസ്യാന്വേഷണ ഏജന്‍സികളെയും അമിത് ഷാ അഭിനന്ദിച്ചു.

പാകിസ്ഥാനിലേക്ക് രക്ഷപ്പെടാൻ ഭീകരരെ അനുവദിച്ചില്ല. പഹൽഗാമിലെ ആക്രമണത്തിനുശേഷം ഭീകരര്‍ സ്ഥിരം നിരീക്ഷണത്തിൽ ഉണ്ടായിരുന്നു. മെയ് 22ന് ഇവരെക്കുറിച്ച് സൂചന ലഭിച്ചിരുന്നു. അന്നു മുതൽ തുടങ്ങിയ ഓപ്പറേഷനാണ് ഭീകരരെ വധിക്കുന്നതിലേക്ക് നയിച്ചത്. ഭീകരരെ സഹായിച്ചവരെ നേരത്തെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ഈ ഭീകരരെ തിരിച്ചറിഞ്ഞു. ഭീകരരുടെ കയ്യിലുണ്ടായിരുന്നത് പഹൽഗാമിൽ ഉപയോഗിച്ച അതേ ആയുധങ്ങളാണെന്നും അമിത് ഷാ പറഞ്ഞു.

പ്രസംഗത്തിനിടയിൽ വാദങ്ങളിൽ സംശയം ഉന്നയിച്ച അഖിലേഷ് യാദവിനോട് അമിത് ഷാ ക്ഷോഭിച്ചു. ഭീകരരുടെ മതതത്തിന്‍റെ പേരിൽ വിഷമം വേണ്ടെന്ന് അഖിലേഷിനോട് അമിത് ഷാ പറഞ്ഞു. ഫോറൻസിക് റിപ്പോർട്ടിന്‍റെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പറയുന്നതെന്ന് അമിത് ഷാ വ്യക്തമാക്കി. കൊല്ലപ്പെട്ട ഭീകരരുടെ കയ്യിലുണ്ടായിരുന്നത് പഹൽഗാമിൽ ഉപയോഗിച്ച ആയുധങ്ങളെന്ന് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞു.ഭീകരരിൽ നിന്ന് പിടിച്ച ആയുധങ്ങൾ ഇന്നലെ അർദ്ധരാത്രി പ്രത്യേക വിമാനത്തിൽ ഛണ്ഡിഗഡിലെ ലാബിലെത്തി പരിശോധിച്ചുവെന്നും അമിത് ഷാ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button