ധന്‍കര്‍ രാജിവച്ചതിന് പിന്നില്‍ ജെ.പി നദ്ദയുമായുള്ള അകല്‍ച്ച?; ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് രാംനാഥ് ഠാക്കൂര്‍ വരുമോ?

ഭരണകക്ഷിയായ ബി ജെ പിയെ ഞെട്ടിച്ചുകൊണ്ടാണ് ഉപരാഷ്ട്രപതി അതിനാടകീയമായി രാജി പ്രഖ്യാപിച്ചത്. പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ചര്‍ച്ചയിലാണ് ബിജെപി ദേശീയ നേതൃത്വം, ഇതിനിടയിലാണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ഉടന്‍ ആളെ കണ്ടെത്തേണ്ട ചുമതലയും കൂടി ബി ജെ പി നേതൃത്വത്തിന് മുന്നില്‍ വന്നു പെട്ടിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ വളരെ ശ്രദ്ധയോടെ മാത്രമേ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കേണ്ടതുള്ളൂവെന്ന നിലപാടിലാണ് മുതിര്‍ന്ന നേതാക്കള്‍.
അപ്രതീക്ഷിതമായാണ് ഉപരാഷ്ട്രപതി സ്ഥാനം ജഗ്ദീപ് ധന്‍കര്‍ രാജിവച്ചത്. വൈകിട്ടുവരെ രാജ്യസഭയില്‍ കര്‍മനിരതനായിരുന്ന ജഗ്ദീപ് ധന്‍കര്‍ പെട്ടെന്ന് രാജി പ്രഖ്യാപിച്ച് ഇറങ്ങിപ്പോയത് ബിജെപി നേതൃത്വത്തേയും ഞെട്ടിച്ചിരുന്നു. രാജ്യത്ത് രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും കാലാവധി പൂര്‍ത്തിയാക്കാതെ ഉറങ്ങിപ്പോവുന്നത് പതിവുള്ളതല്ല. എന്നാല്‍ ധന്‍കര്‍ കാണിച്ച അമിതാവേശമാണ് ഇപ്പോള്‍ ബി ജെ പിയെ വെട്ടിലാക്കിയിരിക്കുന്നത്. എന്‍ ഡി എയിലെ മുഴുവന്‍ കക്ഷികളോടും ആലോചിച്ചാണ് പശ്ചിമബാംഗാള്‍ ഗവര്‍ണറായിരുന്ന ജഗ്ദീപ് ധന്‍കറെ ഉപരാഷ്ട്രപതിസ്ഥാനത്തേക്ക് കൊണ്ടുവന്നത്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായി നിരന്തരമായ പോരാട്ടം നടത്തിയിരുന്ന ധന്‍കര്‍ രാജ്യംമുഴുവന്‍ ഉറ്റുനോക്കിയ ഗവര്‍ണറായിരുന്നു.




