മറ്റുള്ളവർ ചെയ്യുന്ന തെറ്റിന് മോഹൻലാൽ പഴി കേൾക്കേണ്ടി വരുന്നു, ആരോപണവിധേയർ മാറിനിൽക്കണം: നടൻ രവീന്ദ്രൻ

കൊച്ചി: മറ്റുള്ളവർ ചെയ്യുന്ന തെറ്റിന് മോഹൻലാൽ പഴി കേൾക്കേണ്ടി വരുന്നുവെന്ന് നടൻ രവീന്ദ്രൻ. അതുകൊണ്ടാണ് മോഹൻലാൽ അമ്മ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇല്ലെന്ന് വ്യക്തമാക്കിയത്. ലാൽ ഉണ്ടെങ്കിൽ മറ്റാരും നിൽക്കില്ല. ആരോപണ വിധേയർ മത്സരിക്കരുതെന്നും രവീന്ദ്രൻ പറഞ്ഞു.
നിലവിൽ മത്സരിക്കാൻ നോമിനേഷൻ കൊടുത്തിട്ടില്ല. അക്കാര്യത്തെ കുറിച്ച് പിന്നീട് പറയും. ഫോം വാങ്ങിവെച്ചിട്ടുണ്ട്. മോഹൻലാൽ മത്സരിക്കില്ലെന്ന് ജനറൽ ബോഡിയിൽ തന്നെ അറിയിച്ചിരുന്നു. മറ്റുള്ളവർ ചെയ്യുന്ന തെറ്റിന് മോഹൻലാൽ പഴി കേൾക്കേണ്ടി വരികയാണ്. ന്യായമല്ലാത്തതെന്ന് പലർക്കും തോന്നിയിട്ടുണ്ട്. ആരോപണ വിധേയർ തെറ്റുകാരാവണമെന്നില്ല. പക്ഷേ പൊതുമണ്ഡലത്തിൽ അങ്ങനെയുള്ളവർ മാറി നിൽക്കലാണ് അഭികാമ്യം. അത് പിന്നീടും മാധ്യമങ്ങളുൾപ്പെടെ ക്രൂശിക്കും. അങ്ങനെയുള്ളവർ മാറി നിൽക്കണമെന്ന് ഒരുപാട് പേർക്ക് അഭിപ്രായമുണ്ടെന്നും രവീന്ദ്രൻ പറഞ്ഞു.




