Uncategorized

വിഎസ്സിനെ അത്രമേൽ ജനം സ്നേഹിച്ചിരുന്നു, ഈ യാത്ര നൽകിയ അനുഭവം വിവരണാതീതം; അനുഭവം പങ്കുവെച്ച് പി രാജീവ്

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിലാപയാത്രയിലെ അനുഭവം പങ്കുവെച്ച് വ്യവസായ മന്ത്രി പി രാജീവ്. സെക്രട്ടറിയേറ്റിലെ ദര്‍ബാര്‍ ഹാളില്‍ നിന്ന് ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ആരംഭിച്ച വിലാപയാത്ര ജനസാഗരത്തിന് നടുവിലൂടെ ഇന്ന് രാവിലെ കൊല്ലവും ആലപ്പുഴയും പിന്നിട്ടാണ് വി എസിന്റെ സ്വന്തം വേലിക്കകത്ത് വീട്ടിലേക്ക് എത്തിയത്. അത്രയും നേരം കൺമുന്നിൽ കണ്ട അനുഭവമായിരുന്നു മന്ത്രി ഫേസ്ബുക്കിലുടെ പങ്കിട്ടത്.

‘കെഎസ്ആർടിസി ബസ് ജനക്കൂട്ടത്തിനിടയിലൂടെ വളരെ പതുക്കെ നീങ്ങുകയായിരുന്നു. ബസ്സിനുള്ളിൽ വി എസ് നിശ്ചലം കിടക്കുന്നു. അവസാന നോക്ക് കാണാനായി പതിനായിരങ്ങൾ പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ വഴിയോരങ്ങളിൽ കാത്ത് നിൽക്കുന്നു. വെളുപ്പിന് മൂന്നുമണിക്ക് കൊട്ടിയത്ത് ജനാവലിയുടെ തിക്കും തിരക്കിനുള്ളിൽനിന്നും ഒരു ചെറുപ്പക്കാരി ടവലിൽ പൊതിഞ്ഞ പിഞ്ചുകുഞ്ഞിനെ കൈകളിൽ ഉയർത്തി വി എസ്സിന് നേരെ കാണിച്ചു. കുഞ്ഞിന്റെ തുറന്നുവരുന്ന കണ്ണുകളിൽ വിഎസ്സിന്റെ നിശ്ചലചിത്രം പതിഞ്ഞുവോ ആവോ? ഭാവിയിൽ ആ കുഞ്ഞ് വളർന്നുവരുമ്പോൾ വി എസ് എന്ന കമ്മ്യൂണിസ്റ്റിനെ അവസാന നോക്ക് കണ്ടതും ഈ ചരിത്ര യാത്രയുടെ ഭാഗമായതും അമ്മ പറഞ്ഞുകൊടുക്കായിരിക്കും…’

വലിയ ജനക്കൂട്ടം അണിനിരന്നിരുന്നു. വി എസിന്റെ ഭൗതിക ദേഹം എത്തിച്ചതോടെ ജനങ്ങള്‍ ആര്‍ത്തിരമ്പി ഒരു കടലായിമാറി. ഔദ്യോഗിക ബഹുമതികള്‍ക്ക് ശേഷം 9.10 ഓടെ വി എസ്സിന്റെ ഭൗതിക ദേഹം സംസ്‌കരിച്ചു.

21ന് വൈകിട്ട് 3.20-നായിരുന്നു വി എസിന്റെ മരണം സ്ഥിരീകരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ് യു ടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച വി എസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാന്‍ സാധിച്ചിരുന്നില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെ വിഎസിന്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. മരിക്കുമ്പോള്‍ 101 വയസ്സായിരുന്നു വി എസ് അച്യുതാനന്ദന്റെ പ്രായം.

കേരളത്തിന്റെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്നു വിഎസ് അച്യുതാനന്ദന്‍. സിപിഐഎമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിലെല്ലാം പ്രവത്തിച്ച വി എസ് അക്ഷരാര്‍ത്ഥത്തില്‍ സമരകേരളത്തിന്റെ രാഷ്ട്രീയ മുഖമായിരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നാഷണല്‍ കൗണ്‍സിലില്‍ നിന്നും ഇറങ്ങി വന്ന് സിപിഐഎം രൂപീകരിക്കുന്നതില്‍ മുന്നിലുണ്ടായിരുന്ന അവസാന നേതാവ് കൂടിയാണ് ഓര്‍മ്മയാകുന്നത്. തിരുവിതാംകൂറിലും പിന്നീട് ഐക്യകേരളത്തിലും നടന്ന തൊഴിലാളി വര്‍ഗ രാഷ്ട്രീയ പോരാട്ടങ്ങളുടെ ഒരുയുഗം കൂടിയാണ് വിഎസിന്റെ വിയോഗത്തോടെ അവസാനിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button