പ്രിയ സഖാവിനെ ഒരുനോക്കുകാണാൻ; ദർബാർ ഹാളിലേക്ക് ഒഴുകിയെത്തി ജനം

പ്രിയ സഖാവിനെ ഒരുനോക്കുകാണാൻ ദർബാർ ഹാളിലേക്ക് ജനം ഒഴുകുകയാണ്. ഇനി വി എസ് ഇല്ലെന്ന യാഥാർഥ്യം ഉൾക്കൊള്ളാനാകാതെ വിതുമ്പുകയാണ് പലരും. അലകടലാലെത്തിയ ജനക്കൂട്ടത്തിൽ ഏഴുവയസുകാരിയുണ്ട്, എഴുപതും എൺപതും പിന്നിട്ടവരുണ്ട്. വിഎസ് ഇനിയില്ലെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാനാവുന്നില്ല പലർക്കും. വിഎസിന്റെ നിഴലായി നടന്നവരും വി എസ് പല കാലങ്ങളിലായി ചേർത്തുപിടിച്ചവരും തേങ്ങലടക്കാൻ പാടുപെടുന്നതാണ് ദർബാർ ഹാളിൽ കാണാൻ കഴിയുന്നത്.
ഉച്ചയ്ക്ക് ശേഷം ദേശീയപാതയിലൂടെ വിലാപയാത്രയായി ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ ഒമ്പത് മണി മുതൽ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് 10 മണി മുതൽ ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനം ഉണ്ടാകും. പുന്നപ്ര വയലാർ സമരസേനാനികളുടെ ഓർമകൾ ഉറങ്ങുന്ന വലിയ ചുടുകാട്ടിൽ വൈകിട്ട് മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം.




