സംസ്ഥാനം ബാല സുരക്ഷിതമാക്കി മാറ്റും, ബാല ഭിക്ഷാടനം ഒഴിവാക്കും: മന്ത്രി വീണാ ജോർജ്

ഓരോ കുഞ്ഞും വ്യത്യസ്തരായതിനാല്‍ അവരുടെ കഴിവുകള്‍ തിരിച്ചറിയണമെന്ന് ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നമുക്ക് മറ്റൊരാളാവാന്‍ പറ്റില്ല. ഓരോരുത്തരുടെ ഉള്ളിലും പല കഴിവുകളുണ്ട്. ഓരോ കഴിവുകളും തിരിച്ചറിയണം. ബാല ഭിക്ഷാടനവും ബാലവേലയും ഒഴിവാക്കാന്‍ ലക്ഷ്യമിട്ട് വനിതാ ശിശു വികസന വകുപ്പ് നിരവധി പരിപാടികള്‍ നടത്തി വരുന്നു. ബാല ഭിക്ഷാടനവും ബാലവേലയും പൂര്‍ണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഉജ്ജ്വലബാല്യം പുരസ്‌കാര വിതരണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.കുഞ്ഞുങ്ങളെ കുടുംബാന്തരീക്ഷത്തില്‍ നിര്‍ത്താനാണ് വനിതാ ശിശുവികസന വകുപ്പ് പരിശ്രമിക്കുന്നത്. ഒറ്റ വര്‍ഷം കൊണ്ട് 500 ഓളം കുഞ്ഞുങ്ങളെ സ്വന്തം കുടുംബത്തിലോ ഫോസ്റ്റര്‍ കെയറിലോ താമസിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കാവല്‍, കാവല്‍ പ്ലസ് പദ്ധതികളെ സുപ്രീംകോടതി അടുത്തിടെ അഭിനന്ദിച്ചു. അസാധാരണമായ നല്ല മാതൃകയെന്നാണ് യൂണിസെഫ് പറഞ്ഞത്. ബാലസൗഹൃദ കേരളമാണ് ലക്ഷ്യമിടുന്നത്. വീട്ടിലും യാത്രാവേളയിലും പൊതുയിടങ്ങളിലും കുഞ്ഞുങ്ങള്‍ സുരക്ഷിതരായിരിക്കണം. കുഞ്ഞുങ്ങളുടെ ശാരീരിക, മാനസിക, ബൗദ്ധിക വളര്‍ച്ചയാണ് ലക്ഷ്യം.




