ചികിത്സ സംബന്ധിച്ച് വ്യാജപ്രചരണം; ഫെയ്സ്ബുക്ക് പേജിനെതിരെ മന്ത്രി ബാലഗോപാൽ പരാതി നൽകി

തിരുവനന്തപുരം: ധനമന്ത്രി കെ എൻ ബാലഗോപാലിനെതിരെ വ്യാജ പ്രചരണം നടത്തിയ ഫെയ്സ്ബുക്ക് പേജിനെതിരെ പരാതി. മന്ത്രിയുടെ ഓഫീസ് സംസ്ഥാന പൊലീസ് മേധാവിക്കാണ് പരാതി നൽകിയത്. കലയന്താനി കാഴ്ചകൾ എന്ന ഫെയ്സ്ബുക്ക് പേജിനെതിരെയാണ് പരാതി നൽകിയത്.
പരാതി നൽകിയ വിവരം മന്ത്രി ഫെയ്സ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്. ഒരു ദിവസത്തെ ഹൃദ്രോഗ ചികിത്സയ്ക്കായി മന്ത്രി വലിയ തുക അനധികൃതമായി കൈപ്പറ്റി എന്നാണ് ഫെയ്സ്ബുക്ക് പേജിലൂടെയുള്ള വ്യാജ പ്രചരണം. ഹൃദ്രോഗത്തെത്തുടർന്ന് ആഞ്ജിയോപ്ലാസ്റ്റി ചെയ്യുന്നതിനായി തിരുവനന്തപുരത്തെ സർക്കാർ മെഡിക്കൽ കോളജിൽ മന്ത്രി ചികിത്സ തേടിയിരുന്നു. ചികിത്സയുടെ വിവരങ്ങൾ മറച്ചുവെച്ചുകൊണ്ടാണ് ഫെയ്സ്ബുക്ക് പേജിലൂടെ വ്യാജ പ്രചാരണം നടത്തിയിരിക്കുന്നത്. എന്നാൽ പോസ്റ്റിലെ വിവരങ്ങൾ തികച്ചും വാസ്തവവിരുദ്ധവും അങ്ങേയറ്റം മോശമായ മനസുകളുടെ ഗൂഢാലോചനയുടെ ഭാഗമായി സൃഷ്ടിച്ചതാണെന്നും മന്ത്രി ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
അങ്ങേയറ്റം തെറ്റായതും ഹീനവുമായ ഒരു പ്രചാരണം എനിക്കെതിരെ നടത്തിയ “കലയന്താനി കാഴ്ചകൾ” എന്ന ഫെയ്സ്ബുക്ക് പേജിനെതിരായി ധനകാര്യവകുപ്പ് മന്ത്രിയുടെ ഓഫീസ് സംസ്ഥാന പൊലീസ് മേധാവിയ്ക്ക് പരാതി നൽകി. ഹൃദ്രോഗത്തെത്തുടർന്ന് ആഞ്ജിയോപ്ലാസ്റ്റി ചെയ്യുന്നതിനായി തിരുവനന്തപുരത്തെ സർക്കാർ മെഡിക്കൽ കോളജിൽ ഞാൻ ചികിത്സ തേടിയിരുന്നു. ഇതിലെ ആഞ്ജിയോപ്ലാസ്റ്റി ചികിത്സയുടെ വിവരങ്ങൾ മറച്ചുവെച്ചുകൊണ്ട്, കേവലം ഒരു ദിവസത്തെ ചികിത്സയ്ക്കായി ഞാൻ വലിയ തുക അനധികൃതമായി കൈപ്പറ്റി എന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലാണ് പ്രസ്തുത പേജിൽ പ്രസിദ്ധീകരിച്ച പോസ്റ്റ്.




