ഭൂമി തട്ടിപ്പ്; പ്രിയങ്കയുടെ ഭർത്താവ് റോബര്‍ട്ട് വാദ്രയുടെ 36 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

മുതിർന്ന കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ റോബര്‍ട്ട് വാദ്രയുടെയും അദ്ദേഹത്തിന്റെ കമ്പനികളുടെയും ഉടമസ്ഥതയിലുള്ള സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 36 കോടി രൂപയിലധികം വിലമതിക്കുന്ന 43 വസ്തുവകകളാണ് ഇഡി കണ്ടുകെട്ടിയതെന്ന് ഉദ്യോഗസ്ഥ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ഹരിയാനയിലെ ഷിക്കോപൂര്‍ ഗ്രാമത്തിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് നടന്ന അഴിമതി കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. കള്ളപ്പണം വെളുപ്പിക്കല്‍ അടക്കമുള്ള കുറ്റകൃത്യങ്ങളാണ് ഭൂമി തട്ടിപ്പ് കേസില്‍ ആരോപിക്കപ്പെട്ടിട്ടുള്ളത്. റോബര്‍ട്ട് വാദ്രയ്ക്കും കേസില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍ക്കുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.
ഇതാദ്യമായാണ് 56-കാരനായ റോബര്‍ട്ട് വാദ്രയ്‌ക്കെതിരെ ക്രിമിനല്‍ കേസില്‍ ഏതെങ്കിലുമൊരു അന്വേഷണ ഏജന്‍സി പ്രോസിക്യൂഷന്‍ പരാതി ഫയൽ ചെയ്യുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിനുകീഴില്‍ റോബര്‍ട്ട് വാദ്രയ്ക്കും മറ്റുചിലര്‍ക്കുമെതിരെ പ്രാദേശിക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതായാണ് വിവരം.




