നീറ്റില്‍ പിന്തള്ളപ്പെട്ട 20കാരിക്ക് 72 ലക്ഷം രൂപ വാര്‍ഷിക ശമ്പളത്തില്‍ റോള്‍സ് റോയിസില്‍ ജോലി ലഭിച്ചതെങ്ങനെ?

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് നീറ്റ് പരീക്ഷ പരാജയപ്പെട്ടപ്പോൾ കര്‍ണാടക സ്വദേശി ഋതുപര്‍ണ കെ എസ് തന്റെ സ്വപ്‌നങ്ങളെല്ലാം തകര്‍ന്നുവെന്നാണ് കരുതിയത്. എന്നാല്‍ ഇന്ന് അവര്‍ യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഢംബര കാര്‍ നിര്‍മാതാക്കളായ റോള്‍സ് റോയിസില്‍ 72 ലക്ഷം രൂപ വാര്‍ഷിക ശമ്പളത്തില്‍ ജോലിയില്‍ പ്രവേശിച്ചിരിക്കുകയാണ്. 20 വയസ്സുള്ള ഋതുപര്‍ണയാണ് സ്ഥാപനത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ ജീവനക്കാരിയെന്ന് ഡെക്കാണ്‍ ഹെറാള്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇത്രവലിയ നേട്ടത്തിലേക്ക് ഋതുപര്‍ണ എത്തിയത് അത്ര എളുപ്പത്തിലായിരുന്നില്ല. മെറിറ്റ് സീറ്റില്‍ എംബിബിഎസിന് പ്രവേശനം കിട്ടാതെ വന്നോടെ അവര്‍ യുപിഎസ് സി പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ തീരുമാനിച്ചു. എന്നാല്‍ പിതാവിന്റെ ഉപദേശ പ്രകാരം അവര്‍ എഞ്ചിനീയറിംഗിന് ചേര്‍ന്നു. ഇതാണ് അവരുടെ ജീവിതത്തില്‍ വഴിത്തിരിവായ തീരുമാനം.
അധ്യാറിലെ സഹ്യാദ്രി കോളേജ് ഓഫ് എഞ്ചനീയറിംഗ് ആന്‍ഡ് മാനേജ്‌മെന്റില്‍ റോബോട്ടിക്‌സ് ആന്‍ഡ് ഓട്ടോമേഷന്‍ കോഴ്‌സിനാണ് അവര്‍ ചേര്‍ന്നത്. അവിടെ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ പ്രോജക്ടുമായി പരിചയത്തിലായത് അവര്‍ക്ക് വാഹനങ്ങളോടും മെഷീന്‍ ഡിസൈനിംഗിനോടുമുള്ള അവരുടെ താത്പര്യം വര്‍ധിക്കാന്‍ കാരണമായി. അവരുടെ ആകാംക്ഷ ആഗ്രഹമായി മാറാന്‍ അധികനാള്‍ വേണ്ടി വന്നില്ല.




