മുൻഭർത്താവ് ഉപദ്രവിച്ചു, ചിത്രവും പോസ്റ്റുമായി പാകിസ്ഥാനിലെ മുതിർന്ന മാധ്യമപ്രവർത്തക

മുൻ ഭർത്താവ് ക്രൂരമായി ഉപദ്രവിച്ചുവെന്ന ആരോപണവുമായി പാകിസ്ഥാനിലെ മുതിർന്ന പത്രപ്രവർത്തകയും ടെലിവിഷൻ അവതാരകയുമായ ജാസ്മീൻ മൻസൂർ. മുൻ ഭർത്താവിനെതിരെ ഗാർഹിക പീഡനം ആരോപിക്കുക മാത്രമല്ല പരിക്കേറ്റ ചിത്രങ്ങളും അവർ എക്സിൽ (ട്വിറ്റർ) പങ്കുവച്ചിട്ടുണ്ട്. ബുധനാഴ്ച രാവിലെ ഷെയർ ചെയ്തിരിക്കുന്ന പോസ്റ്റിൽ കണ്ണിനു ചുറ്റും ചതവും വീക്കവും കാണാം.
ഓൺലൈനിൽ വളരെ പെട്ടെന്നാണ് പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടത്. ‘ഇത് ആർക്കും സംഭവിക്കാം. സ്വന്തം വീടിന്റെ സുരക്ഷിതത്വത്തിൽ പോലും ആരും സുരക്ഷിതരല്ല. നിങ്ങൾ അന്ധമായി വിശ്വസിക്കുന്നവരാണ് ഏറ്റവും അപകടകാരികളാവുക’ എന്ന് അവർ കുറിച്ചിരിക്കുന്നത് കാണാം. ഒപ്പം ‘നിങ്ങൾക്ക് ഒരു സ്ത്രീയെ കിട്ടുമ്പോഴാണ് നിങ്ങൾ നിങ്ങളുടെ യഥാർത്ഥ നിറം കാണിക്കുന്നത്. നിങ്ങൾ ഒരു ഭീരുവാണ്, അത്രമാത്രമേയുള്ളൂ’ എന്നും ജാസ്മീൻ കുറിച്ചിരിക്കുന്നത് കാണാം.
‘നിങ്ങളെ വെറുക്കുന്നവർ എപ്പോഴും ഉണ്ടാകും. അവരുടെ പരാജയമാണ് അവരെ അവിടെ എത്തിച്ചിട്ടുണ്ടാവുക. ഇതുപോലുള്ള 50 ചിത്രങ്ങൾ കൂടി തന്റെ കയ്യിലുണ്ട്’ എന്നും അവർ കുറിച്ചു.




