എടക്കാനത്ത് വെള്ള വയറൻ കടൽ പരുന്തിനെ കണ്ടെത്തി

ഇരിട്ടി: എടക്കാനത്ത് വെള്ള വയറൻ കടൽ പരുന്തിനെ കണ്ടെത്തി . ഹലീറ്റുസ് ലെകൊഗസെർ (Haliaeetus leucogaster) എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന ഇതിന്റെ ജന്മ സ്ഥലം ഇന്ത്യയാണെങ്കിലും ദക്ഷിണേഷ്യയിലേയും ഓസ്ട്രേലിയയിലേയും കടൽതീരങ്ങളിലും നദീതീരങ്ങളിലും ഇവയെ കാണാം. മുതിർന്ന പരുന്തുകളുടെ തല, വാല്, ശരീരത്തിന്റെ കീഴ്ഭ്ഭാഗം മുതലായവ വെളുത്ത നിറത്തിലാണ്. ശരീരത്തിന്റെ ഉപരിഭാഗം ബ്രൗൺ നിറത്തിലോ കറുപ്പ് കലർന്ന നിറത്തിലോ ആയിരിക്കും. വാല് ചെറുതും ‘V’ ആകൃതിയിലുമാണ്. കണ്ണുകൾക്കും കൊക്കുകൾക്കും ഇരുണ്ട നിറമാണ്. കാലുകൾക്കും കാൽപാദങ്ങൾക്കും മഞ്ഞയോ ചാരനിറമോ ആണുള്ളത്. കുട്ടിപ്പരുന്തുകൾക്ക് പൊതുവെ ബ്രൗൺ നിറമാണ്. പ്രായം ചെല്ലുന്തോറുമാണ് നിറം വെള്ളയാകുന്നത്. നാലുവർഷം കൊണ്ട് ഇവയ്ക്ക് പ്രായപൂർത്തിയാകും.
മീനുകളും പാമ്പുകളുമാണ് വെള്ളവയറൻ കടൽപ്പരുന്തിന്റെ ഇഷ്ടാഹാരം. വെള്ളത്തിന്റെ അടിയിലേക്ക് മുങ്ങാം കുഴിയിട്ട് മീൻ പിടിക്കാതെ, സാധാരണ കടലിലിന്റെ മുകളിലൂടെ തെന്നി നീങ്ങി റാഞ്ചി പിടിക്കുകയാണിവ ചെയ്യുന്നത്. ഇവ പൊതുവേ ഭക്ഷണമാക്കുന്നത് ജലജീവികളായ മീൻ, ആമ, കടൽ പാമ്പ് മുതലായവയേയാണ്. ചെറിയ പറവകളേയും (ചെറിയ പെൻഗ്വിനുകൾ), ചെറു സസ്തനികളേയും ആഹാരമാക്കാറുണ്ട്. ചെറു പക്ഷികളുടെയും ചെറു മൃഗങ്ങളേയും ഭയപ്പെടുത്തി ഭക്ഷണം തട്ടിയെടുക്കാറുണ്ട്. ഒറ്റയ്ക്കും കൂട്ടമായും ഇവ ആഹാരം തേടുകയും ഭക്ഷിക്കാറുമുണ്ട്.
മാഹി മുതൽ കാസർഗോഡ് വരെയുള്ള കടൽ തീരത്ത് മാത്രമേ വെള്ള വയറൻ കടൽ പരുന്തിന്റെ കൂടുകൾ കണ്ടെത്തിയിരിട്ടുള്ളു.
വന്യജീവി സംരക്ഷണ നിയമത്തിൽ ഷെഡ്യൂൾ ഐ യിൽ ഉൾപ്പെട്ട പക്ഷിയാണ്. അപൂർവ ഘട്ടങ്ങളിൽ മാത്രമേ ഉൾപ്രദേശങ്ങളിലെ ജലാശയങ്ങളിൽ ഇവയെ കണ്ടു വരാറുള്ളൂ. തീരപ്രദേശങ്ങളിൽ വൻ മരങ്ങൾ ഇല്ലാത്തത് ഇവയുടെ നിലനിൽപ്പിനു ഭീഷണിയാണ്. എടക്കാനം അകം തുരുത്തി ട്വവെപ്പിലാണ് ഇപ്പോൾ ഇതിനെ കണ്ടെത്തിയിരിക്കുന്നത്. കടലിലെ വ്യാപകമായ മാലിന്യങ്ങൾ ഇതിന്റെ നിലനിൽപ്പിനും ഭീഷണി ആണ്. ഉഗ്രവിഷമുള്ള കടൽ പാമ്പുകളെ ഭക്ഷിക്കുന്നതിനാൽ മത്സ്യബന്ധനക്കാർ ഇതിനെ സ്നേഹത്തോടെ കമലപ്പരിന്ത് എന്നും വിളിക്കാറുണ്ട്. ഇതിനു മുൻപ് രണ്ട് തവണ എടക്കാനം ഭാഗത്ത് വെള്ള വയറൽ കടൽപരുന്തിനെ കണ്ടെത്തിയിട്ടുണ്ടെന്ന് ചിത്രം പകർത്തിയ ഫോറസ്റ്റർ പി.സുനിൽ കുമാർ പറഞ്ഞു.




